| Thursday, 11th February 2021, 6:28 pm

അയോധ്യാവിധി ബി.ജെ.പി സര്‍ക്കാരിന്റെ നേട്ടം എന്ന് പറഞ്ഞത് മാധ്യമങ്ങള്‍: രഞ്ജന്‍ ഗൊഗോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വിധി നല്‍കി എന്ന് മാധ്യമങ്ങള്‍ മെനഞ്ഞുണ്ടാക്കിയതാണെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി. ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവ് 2021 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയോധ്യാവിധി ബി.ജെ.പി സര്‍ക്കാരിന്റെ നേട്ടമാണ് എന്ന തരത്തില്‍ അവതരിപ്പിച്ചത് മാധ്യമങ്ങളാണ്. ജനങ്ങളുടെ മുന്നില്‍ ഇങ്ങനെയൊരു ചിന്ത ഇല്ല’, അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരുന്നു ഗൊഗോയിയെ രാജ്യസഭയിലെത്തിച്ചത്.

റഫേല്‍, അയോധ്യ കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വിധി പ്രസ്താവം നടത്തിയത് ഗൊഗോയിയുടെ കാലത്തായിരുന്നു.

ദേശീയ പൗരത്വ രജിസ്റ്റര്‍ ഒരു ഗെയിമാണെന്നും ഗൊഗോയി കൂട്ടിച്ചേര്‍ത്തു.

‘അസമില്‍ ഒരു ഗെയിമുണ്ട്. ആ ഗെയിമിനെ വിളിക്കുന്നത് എന്‍.ആര്‍.സി എന്നാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എന്‍.ആര്‍.സി വേണ്ട. അഭയാര്‍ത്ഥികളോട് ചിലര്‍ പറയും ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കാം, ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ എന്ന്. മറ്റ് ചിലര്‍ പറയും അവരാണ് നിങ്ങളുടെ പ്രധാന ഭീഷണി ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ എന്ന്’, ഗൊഗോയി പറഞ്ഞു.

മുസ്‌ലീം അഭയാര്‍ത്ഥികളെ പുറത്താക്കാനായി കേന്ദ്രസര്‍ക്കാര്‍ എന്‍.ആര്‍.സിയും സി.എ.എയും നടപ്പാക്കുമെന്ന് ശഠിക്കുന്നതിനിടെയാണ് ഗൊഗോയിയുടെ പരാമര്‍ശം.

അതേസമയം ഭീതിദമായ കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നതെന്ന് ഗൊഗോയി പറഞ്ഞു.

വിയോജിപ്പുകളില്‍ രാജ്യദ്രോഹക്കേസ് ചുമത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എവിടെ നിന്നാണ് ഭീഷണി വരുന്നതെന്ന് ചോദിച്ചപ്പോള്‍ എല്ലായിടത്ത് നിന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചീഫ് ജസ്റ്റിസായതിന് ശേഷം പ്രതിപക്ഷം തന്നെ സര്‍ക്കാര്‍ അനുകൂല ന്യായാധിപന്‍ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ഒരു ജഡ്ജിയോ മുന്‍ ജഡ്ജിയോ ഒരിക്കലും ആക്രമണങ്ങളില്‍ പതറില്ല. വിരമിക്കലിന് ശേഷവും ഈ ആക്രമണമുണ്ടാകും-ഗൊഗോയി പറഞ്ഞു.

നിയമങ്ങളുടെ മൂല്യത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക സമരത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണെന്നും ഗൊഗോയി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Justice Ranjan Gogoi on his Ram temple verdict

We use cookies to give you the best possible experience. Learn more