ന്യൂദല്‍ഹി: ഇടക്കാല സി.ബി.ഐ ഡയരക്ടറായി എം. നാഗേശ്വര റാവുവിന്റെ നിയമനത്തിനെതിരെയുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് എന്‍.വി രമണയും പിന്മാറി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സിക്രി എന്നിവര്‍ നേരത്തെ വാദം കേള്‍ക്കുന്നതില്‍ നിന്നും വിട്ടു നിന്നിരുന്നു.
നാഗേശ്വര റാവുവിന്റെ മകളുടെ കല്ല്യാണത്തിന് പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് രമണന്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയത്. നാഗേശ്വര റാവുവിന്റെ നിയമനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോമണ്‍ കോസ് എന്ന എന്‍.ജി.ഒ ആണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
സി.ബി.ഐ ഡയരക്ടറെ നിയമിക്കാനുള്ള അധികാരം സെലക്ഷന്‍ കമ്മിറ്റിക്കു മാത്രമാണെന്നും സര്‍ക്കാരിന്റെ നേരിട്ടുള്ള നിയമനം നിയമവിരുദ്ധമാണെന്നുമായിരുന്നു ഹരജിയിലെ വാദം.
സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ നിയമനത്തിനെതിരായ ഹരജി; രഞ്ജന്‍ ഗൊഗോയ്ക്ക് പിന്നാലെ സിക്രിയും പിന്മാറി
അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിക്രി വാദം കേള്‍ക്കലില്‍ നിന്നും പിന്മാറിയത്. പുതിയ സി.ബി.ഐ ഡയരക്ടറെ നിയമിക്കുന്ന ഹൈ പവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വാദം കേള്‍ക്കുന്നതില്‍ നിന്നും മാറി നിന്നത്.
എന്നാല്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിക്ക് പുതിയ സി.ബി.ഐ ഡയരക്ടറെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നു.
അലോക് വര്‍മ്മയെ തിരികെ സി.ബി.ഐ ഡയരക്ടര്‍ ആയി നിയമിച്ചു കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത് താനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രജ്ഞന്‍ ഗൊഗോയ് ജസ്റ്റിസ് സിക്രിയെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അയച്ചത്.
ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്നിവരടങ്ങുന്നതാണ് ഹൈ പവര്‍ സെലക്ഷന്‍ കമ്മിറ്റി.