ന്യൂദല്‍ഹി: വ്യാജവാര്‍ത്തകള്‍ ജനാധിപത്യത്തിന്റെ അടിത്തറ കുലുക്കുമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ബി.വി. നാഗരത്‌ന. വാര്‍ത്താ റിപ്പോര്‍ട്ടുകളിലെ മുന്‍വിധി ഒഴിവാക്കേണ്ടത് ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് സംഘടിപ്പിച്ച സീമ നസ്രത്ത് അവാര്‍ഡില്‍ സംസാരിക്കുകയായിരുന്നു നാഗരത്‌ന.
‘സ്വതന്ത്രവും നിയന്ത്രിതവുമായ പ്രസ്; ജനാധിപത്യത്തിന്റെ കാവല്‍ക്കാരന്‍,’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് മാധ്യമങ്ങളെ കുറിച്ചും മാധ്യമങ്ങള്‍ ചെലുത്തേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചത്.
‘ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പണ്ട് കാലത്ത് ആളുകളിലേക്ക് ഒരുപാട് വാര്‍ത്തകള്‍ എത്തിയിരുന്നില്ല. പക്ഷേ ഇന്ന് അത് സംഭവിക്കുന്നുണ്ട്. ഇന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓട്ടത്തില്‍ അവ വസ്തുതാപരമാണോയെന്ന് ഉറപ്പ് വരുത്തുന്നില്ല.
പത്ര വാര്‍ത്തകളെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുണ്ട്. എന്നാല്‍ വാര്‍ത്താ ചാനലുകള്‍ നിയന്ത്രിക്കാന്‍ സ്വന്തം നിയന്ത്രണ ബോഡികളാണുള്ളത്. ഇത്തരം കാര്യങ്ങളില്‍ സ്വന്തം നിയന്ത്രണ ബോഡികള്‍ മതിയായ പരിഹാരമല്ല,’ അവര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ എപ്പോഴും നിഷ്പക്ഷമാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സ്വതന്ത്രവും സന്തുലിതവുമായ ഒരു മാധ്യമമാണ് നമുക്ക് ആവശ്യം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ എപ്പോഴും നിഷ്പക്ഷമായിരിക്കണം.
സര്‍ക്കാരിന് വേണ്ടി ചെകുത്താന്റെ വക്താവായി കളിക്കുകയല്ല മാധ്യമങ്ങളുടെ ലക്ഷ്യം. മാധ്യമങ്ങള്‍ ക്രിയാത്മകമായ വിമര്‍ശനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
പൊതു ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കുമ്പോള്‍ കൃത്യമായ സന്ദര്‍ഭങ്ങള്‍ നല്‍കണം. മാധ്യമപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ അഭിപ്രായസ്വാതന്ത്ര്യത്തില്‍ വീഴ്ച സംഭവിക്കും,’ നാഗരത്‌ന കൂട്ടിച്ചേര്‍ത്തു.
content highlight: justice nagaratna about media