കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട നടിയുടെ ആവശ്യത്തിന് പിന്തുണയുമായി വനിതാ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി.
അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍, ഗവണ്മെന്റിനോടും മുഖ്യമന്ത്രിയോടും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.
അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവള്‍ക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേര്‍ക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി.
നേരത്തെ സിനിമ രംഗത്തെ ചൂഷണങ്ങളെ പറ്റി പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം തികഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാത്തതിനെതിരെയും ഡബ്ല്യു.സി.സി രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്രമണത്തിനെ അതിജീവിച്ച നടി കത്തയച്ചത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു നടി കത്തയച്ചത്.
കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും സംവിധായകന്റെ ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നതാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് കത്തില്‍ പറയുന്നത്.
കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തന്നില്‍ ഭയമുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ നടി കത്തില്‍ പറഞ്ഞിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കേസില്‍ പ്രതിയായ നടന്‍ ദിലീപ് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രോസിക്യൂഷനെതിരെ ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ദിലീപ് പരാതി നല്‍കിയത്.
കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിന് പിന്നിലെന്നുമാണ് ദിലീപ് ആരോപിക്കുന്നത്.
നേരത്തെ കേസില്‍ തുടരന്വേഷണം വേണമെന്നും വിചാരണ നിര്‍ത്തിവെയ്ക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഹരജി ജനുവരി നാലിന് കോടതി വീണ്ടും പരിഗണിക്കും.
കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. അഡ്വക്കേറ്റ് വി.എന്‍. അനില്‍ കുമാറാണ് രാജിവെച്ചത്. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ രാജിവെക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ദിലീപ് രംഗത്ത് എത്തിയിരുന്നു.
ആരെന്ത് പറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നതെന്നും അതിനപ്പുറം ഒന്നും പറയാനാവില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Justice must be done with the survivor, Chief Minister and the government should done justice says Women in Cinema Collective