| Thursday, 27th February 2020, 9:06 am

'ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റം അധികാരത്തില്‍ മത്ത് പിടിച്ച സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം'; മനീഷ് തിവാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജസ്റ്റിസ് എസ്. മുരളീധറിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.

വ്യക്തമായ കാരണം പറയാതെയാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയതെന്നും അധികാരത്തില്‍ മത്ത് പിടിച്ച സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് ഈ സംഭവം തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി കലാപത്തിന്റെ വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് മുരളീധറിനെ ഏകപക്ഷീയമായി സ്ഥലം മാറ്റി ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനുള്ള ക്രൂരമായ ശ്രമത്തിനെതിരെ നീതിക്കും നിയമത്തിനും ഉയര്‍ന്ന സ്ഥാനം നല്‍കുന്ന എല്ലാ ജഡ്ജിമാരും അഭിഭാഷകരും ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലമാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ ഉത്തരവാണ് ഇന്നലെ രാത്രിയോടെ പുറത്തിറങ്ങിയത്.

ദല്‍ഹി കലാപകേസ് പരിഗണിച്ച അന്ന് തന്നെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. നേരത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ജസ്റ്റിസ് മുരളീധറില്‍ നിന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് വിദ്വേഷ പ്രസംഗ കേസ് മാറ്റിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി നേതാവ് കപില്‍ മിശ്രയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കാനാണ് നേരത്തെ കോടതി ആവശ്യപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more