തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം പഠിക്കാന്‍ നിയമിച്ച കമ്മീഷന് ചെലവായത് ഒരു കോടി 84 ലക്ഷം രൂപ. ചോദ്യോത്തരവേളയില്‍ കെ.സി ജോസഫിന്റെ ചോദ്യത്തിന് രേഖാമൂലം സമര്‍പ്പിച്ച മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസ് മുഹമ്മദ് കമ്മീഷനെയാണ് നിയമിച്ചിരിക്കുന്നത്. കമ്മീഷന്റെ കാലാവധി അഞ്ച് തവണയായി 30 മാസം നീട്ടി നല്‍കിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
എന്നാല്‍, എന്തിനാണ് ഇത്രയും ഭീമമായ തുക ചെലവായതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. വിഷയത്തില്‍ കാര്യമായ നടപടികളൊന്നും കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല. ഈ സാഹചര്യത്തില്‍ തുക എങ്ങനെ ചെലവായി എന്ന ചോദ്യം മറുപടിയില്ലാതെ അവശേഷിക്കുകയാണ്.
2016ലാണ് കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും വഞ്ചിയൂര്‍ കോടതി പരിസരത്തുവച്ച് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.