സഞ്ജയ് ദത്തിന് മാപ്പു നല്‍കണമെന്ന് മാര്‍ക്കണ്ഡേയ കട്ജു
India
സഞ്ജയ് ദത്തിന് മാപ്പു നല്‍കണമെന്ന് മാര്‍ക്കണ്ഡേയ കട്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2013, 12:31 am

ന്യൂദല്‍ഹി: 1993 ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് മാപ്പ് നല്‍കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. []

സഞ്ജയ് ദത്തിന്  ഭരണഘടനയുടെ 161-ാം വകുപ്പ് പ്രകാരം മാപ്പ് നല്‍കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തില്‍ സഞ്ജയയ് ദത്തിനെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും ആയുധനിയമപ്രകാരം മാത്രമാണ് ദത്തിന് ശിക്ഷവിധിച്ചതെന്നും കട്ജു ചൂണ്ടിക്കാട്ടി.

ആയുധം കൈവശം വെച്ചതിന്റെ പേരിലാണ് സഞ്ജയ് ദത്തിനെ കേസില്‍ പ്രതിചേര്‍ത്തത്. നാലാഴ്ച്ചക്കകം കീഴടങ്ങാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.  ഇനി മൂന്നര വര്‍ഷം കൂടി സഞ്ജയ് ദത്ത് ശിക്ഷ അനുഭവിക്കേണ്ടി വരും.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സഞ്ജയ് ദത്തിന്റെ ശിക്ഷ ഒഴിവാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിധി അംഗീകരിക്കുന്നതായി സഞ്ജയ് ദത്ത് പ്രതികരിച്ചു.

അധോലോക നേതാവ് അബു സലീമിന്റെ സുഹൃത്താണ് തനിക്ക് ആയുധങ്ങള്‍ നല്‍കിയതെന്നും സംഭവവുമായി തനിക്ക് നേരിട്ട് പങ്കില്ലെന്നും സഞ്ജയ് ദത്ത് വാദിച്ചെങ്കിലും കോടതി ഈ വാദം തള്ളുകയായിരുന്നു.

നേരത്തേ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് 16 മാസം തടവില്‍ കഴിഞ്ഞതിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു.

12 സ്‌ഫോടന പരമ്പരകളിലായി ഏകദേശം 250 ഓളം പേര്‍ കൊല്ലപ്പെട്ടതായും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും 27 കോടി രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്കുകള്‍. ജസ്റ്റിസുമാരായ ബി. സദാശിവം, ബിഎസ് ചവാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ വിചാരണ കോടതി 11 പ്രതികളെ വധശിക്ഷക്ക് വിധിക്കുകയും 22 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.