| Thursday, 8th December 2016, 2:40 pm

സൗമ്യ വധക്കേസ്; സുപ്രീം കോടതി ജഡ്ജിമാരെ വിമര്‍ശിച്ചതിന് മാപ്പ് പറയാന്‍ തയ്യാറെന്ന് കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടും കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു.


ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീം കോടതി ജഡ്ജിമാരെ വിമര്‍ശിച്ചതിന് മാപ്പ് പറയാന്‍ തയ്യാറാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.

പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടും കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു.


സഹ ജഡ്ജിമാരുമായി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കിയ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അറിയിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ കട്ജു ഇതുവരെ തയാറായിട്ടില്ല. കേസില്‍ കോടതി സ്വീകരിക്കുന്ന നടപടികള്‍ നേരിടാന്‍ തയാറാണെന്നായിരുന്നു ഇതേക്കുറിച്ച് കട്ജു നേരത്തേ അറിയിച്ചിരുന്നത്. കട്ജുവിനു വേണ്ടി സോളി സൊറാബ്ജി ഹാജരാകുമെന്നും സൂചനയുണ്ടായിരുന്നു.


സൗമ്യ വധക്കേസ് വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സുപ്രീം കോടതിയില്‍ നേരിട്ട് വിളിച്ചു വരുത്തിയശേഷമാണ് സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. നോട്ടീസിന് മറുപടി നല്‍കാന്‍ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിക്കാനിരിക്കെയാണ് ജസ്റ്റിസ് കട്ജു കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്.

സൗമ്യ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. ജഡ്ജിമാര്‍ വിനയവും എളിമയും സൂക്ഷിക്കണം. ജഡ്ജിമാര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം. ജഡ്ജി ആയിരുന്ന സമയത്ത് തനിക്കും തെറ്റുപറ്റിയിട്ടുണ്ട്. തെറ്റുകള്‍ പുനഃപരിശോധിക്കുന്നതിലാണ് കോടതികളുടെ വിജയമെന്ന കട്ജുവിന്റെ ഫേസ്ബുക്ക് പരാമര്‍ശമാണ് വിവാദമായത്.

We use cookies to give you the best possible experience. Learn more