ന്യൂദല്‍ഹി: അസമില്‍ നിന്നും 40 ലക്ഷം മുസ്‌ലിം അഭയാര്‍ഥികളെ കുടിയൊഴിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ ഖട്ജു. കുടിയൊഴിപ്പിക്കാനുള്ള നീക്കം രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുമെന്ന് ഖട്ജു മുന്നറിയിപ്പ് നല്‍കി.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് ഉണ്ടാക്കിയതിന്റെ ഉദ്ദേശം അസമിലെ മുസ്‌ലിംങ്ങളുടെ വോട്ടവകാശത്തെ അപഹരിക്കലാണ്. ഇതു ഗുണം ചെയ്യുക ബി.ജെ.പിക്കാണ്. മാര്‍ക്കണ്ഡേയ ഖട്ജു ബ്ലോഗില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
Read: ഈ സര്‍ക്കാരില്‍ ഹൃദയമുള്ള ആരുമില്ലേ, അമ്മമാര്‍ക്ക് പിറന്നവര്‍? മുറിവേറ്റ അസം ജനത ചോദിക്കുന്നു
“അസമില്‍ നിന്നും ആരും നിര്‍ബന്ധപൂര്‍വ്വം കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നില്ല. അത് ഒരിക്കലും പദ്ധതിയേ ആയിരുന്നില്ല. മുസ്‌ലിംങ്ങളെ വോട്ട് ചെയ്യിപ്പിക്കാതിരിക്കാനുള്ള പദ്ധതിയാണിത്. കാരണം നിങ്ങള്‍ ഒരു മുസ്‌ലിം ആണെങ്കില്‍ നിങ്ങളുടെ വോട്ട് ബി.ജെ.പിക്കെതിരായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങള്‍ അസമില്‍ തന്നെ തുടരുക. പൗരത്വം ഇല്ലാത്തവരായി, വോട്ടവകാശം ഇല്ലാത്തവരായി”.
“അസമില്‍ നിന്നും കുടിയേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ വിചിന്തനം ചെയ്യണം. ഒന്നാമതായി, അവര്‍ എവിടെ പോകും? ബംഗ്ലാദേശ് അവരെ സ്വീകരിക്കില്ല. രണ്ടാമതായി, അനേകം ആളുകള്‍ ദശാബ്ദങ്ങളായി അസമിലാണ് താമസിക്കുന്നത്. അനേകം ആളുകള്‍ ഇവിടെ ജനിച്ചവരുമാണ്. മൂന്നാമതായി പലരുടെ കൈവശവും അവര്‍ എവിടെനിന്നാണ് വന്നത് എന്നതിനുള്ള തെളിവുകളും ഇല്ല”. ഖട്ജു പറയുന്നു.
“അസം ഒരു ചവറ്റുകൊട്ടയല്ല എന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ നിയമപരമായി നോക്കിക്കാണുകയാണെങ്കില്‍ ഒരു രാജ്യത്തേയ്ക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ സാധിക്കില്ല എന്നും പറയാം. പക്ഷേ, വസ്തുത എന്തെന്നാല്‍ അസമിലെ 32 ദശലക്ഷം വരുന്ന കുടിയേറ്റക്കാര്‍ ദശാബ്ദങ്ങളായി അവിടെ താമസിക്കുന്നവരാണ്. 11 ദശലക്ഷം മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. ട്രംപിന് അവരോട് വിരോധമുണ്ടെങ്കിലും അവരെ കുടിയൊഴിപ്പിക്കാന്‍ കഴിയില്ല. അസമിലെ കുടിയേറ്റക്കാരുടെ പ്രശ്‌നത്തില്‍ ഒരു പരിഹാരവും ഉണ്ടാകാന്‍ പോകുന്നില്ല. ഇത് എന്നെ ഭയപ്പെടുത്തുന്നുണ്ട്. റോഹിംഗ്യയെ പോലെയോ, നെല്ലി കൂട്ടക്കൊലയെപോലെയോ രക്തച്ചൊരിച്ചിലിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്”. ഖട്ജു പറയുന്നു.
ഇന്ത്യക്കാരല്ലാത്തവരെ കണ്ടെത്തുന്നതിനായി സുപ്രീംകോടതി നിര്‍ദേശിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെ രണ്ടാം കരടിലാണ് അസമില്‍ നിന്നും 40 ലക്ഷം ആളുകള്‍ പുറത്തായത്. അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാത്തവര്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കപ്പെടും.
Read: ഒരു ജനതയുടെ ജീവിതത്തിന് മേല്‍ തൂങ്ങിയാടുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന ഡമോക്ലസിന്റെ വാള്‍
1951ലാണ് ആദ്യമായി എന്‍.ആര്‍.സി തയ്യാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂര്‍വ്വികരോ 1951ലെ ലിസ്റ്റിലോ അതല്ലെങ്കില്‍ കട്ട്ഓഫ് ഡേറ്റിന് ഇടയിലുള്ള ഏതെങ്കിലും വോട്ടര്‍ലിസ്റ്റിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.