| Thursday, 1st June 2017, 12:00 pm

ബിരുദമെടുത്തത് ശാസ്ത്രത്തില്‍, മോദിയെയും വസുന്ധരാ രാജയെയും വരെ കേസില്‍ നിന്നും രക്ഷപ്പെടുത്തി: രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ ഭൂതകാലം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏക ജീവിയാണ് പശു എന്നു പറഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ ബിരുദമെടുത്തത് ശാസ്ത്രത്തില്‍. 1975ല്‍ ദൗസ ഗവണ്‍മെന്റ് കോളജില്‍ നിന്നാണ് അദ്ദേഹം ശാസ്ത്രത്തില്‍ ബിരുദം നേടിയത്.

ശാസ്ത്ര ബിരുദത്തിനു പുറമേ 1978ല്‍ രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍.എല്‍.ബി ബിരുദം നേടിയ അദ്ദേഹം അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലേബര്‍ ലോയില്‍ ഡിപ്ലോമയും നേടി. 1979 ജനുവരി ഏഴിന് അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം വാദിച്ച കേസുകളില്‍ ഭൂരിപക്ഷവും മഹാരാജാ സ്വാമി മന്‍സിങ് ട്രസ്റ്റ്, ശ്രീ ഷീലാ മാതാജി ട്രസ്റ്റ് തുടങ്ങിയ “സന്നദ്ധ സംഘടന”കളുടേതായിരുന്നു.

ഇതിനു പുറമേ ഹിന്ദുസ്ഥാന്‍ ടൈംസ്, രാജസ്ഥാന്‍ പത്രിക തുടങ്ങിയ പത്രങ്ങളുടെയും മറ്റു ചില സംഘടനകളുടെയും കേസുകളും അദ്ദേഹം ഏറ്റെടുത്തിരുന്നു.


Must Read: ട്രെയിനില്‍ മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് യോഗി ആദിത്യനാഥ് പൊലീസിന്റെ വി.ഐ.ടി ട്രീറ്റ്: വീഡിയോ പുറത്ത്


1979-ല്‍ ജയ്പ്പൂര്‍ ജില്ലാ കോടതിയില്‍ തുടങ്ങി പിന്നീട് ഹൈക്കോടതിയുടെ ജയ്പുര്‍ ബെഞ്ചിലെത്തി ഒടുവില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി വരെ വളര്‍ന്നു ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ. 2007ലാണ് അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്.

ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹം വെറുതെ വിട്ടവരില്‍ നരേന്ദ്രമോദി മുതല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജവരെയുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്കെതിരെയുണ്ടായിരുന്ന അപകീര്‍ത്തി കേസിലാണ് ശര്‍മ്മ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ പരാമര്‍ശത്തിന്റെ പേരിലായിരുന്നു മോദിയ്‌ക്കെതിരെ അപകീര്‍ത്തി കേസ് വന്നത്.

വസുന്ധരാ രാജെയ്‌ക്കെതിരെ ഉയര്‍ന്ന ഭൂമി ഇടപാടു കേസുകള്‍ പരിഗണിച്ചതും അവരെ കുറ്റവിമുക്തയാക്കിയതും ശര്‍മ്മയായിരുന്നു. വസുന്ധരാ രാജെയ്ക്കു പുറമേ ഭൂമി തട്ടിപ്പു കേസില്‍ ആരോപണ വിധേയരായ മൂന്ന് ഹൈക്കോടതി ജഡ്ജിമാരെയും തെളിവില്ലെന്നു പറഞ്ഞ് രക്ഷപ്പെടുത്തിയതും ഇദ്ദേഹമായിരുന്നു.

ജാല്‍ മഹാലുമായി ബന്ധപ്പെട്ട മറ്റൊരു ഭൂമി തട്ടിപ്പു കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചതും ഇദ്ദേഹമായിരുന്നു. 100ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നിയമം ലംഘിച്ച് സ്വകാര്യ കമ്പനിക്ക് 99വര്‍ഷത്തേക്ക് ലീസിന് നല്‍കിയെന്നായിരുന്നു കേസ്. എന്നാല്‍ മുഖ്യമന്ത്രി ഈ കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നു “നിരീക്ഷിച്ചാണ്” ജഡ്ജി ശര്‍മ്മ വസുന്ധരാ രാജെയെ കുറ്റവിമുക്തയാക്കിയത്.


Also Read: നിസ്‌കരിക്കുന്നത് സമുദായിക സ്പര്‍ധ വളര്‍ത്തുന്ന കുറ്റമെന്ന് യു.പി പൊലീസ്; നിസ്‌കരിച്ചതിന് അഞ്ചു പേര്‍ക്കെതിരെ കേസ് 


ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്തത് സംബന്ധിച്ച കേസിലെ വിധിന്യായത്തില്‍ ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ എടുത്തുപറഞ്ഞതും ഇതേ ജഡ്ജിയാണ്.

പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും വിധി പുറപ്പെടുവിച്ച ഇദ്ദേഹം അഭിഭാഷകന്‍ എന്ന നിലിയല്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത് ഭരണഘടനയിലും സിവില്‍, ക്രിമിനല്‍ കേസുകളിലുമാണെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വെബ്‌സൈറ്റിലുള്ള ജഡ്ജിയുടെ പ്രൊഫൈലില്‍ പറയുന്നത്.

മയില്‍ ബ്രഹ്മചാരിയാണെന്നും ഇണചേരുകയില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നതെന്നും അതുകൊണ്ടാണ് ഭഗവാന്‍ കൃഷ്ണന്‍ മയില്‍പ്പീലി ചൂടുന്നതെന്നുമുള്ള “കണ്ടെത്തല്‍” ശാസ്ത്ര ബിരുദ ധാരിയായ ഇദ്ദേഹത്തിന്റേതാണ്.

Latest Stories

We use cookies to give you the best possible experience. Learn more