| Thursday, 10th January 2019, 10:54 am

അയോധ്യകേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ നിന്നും ഒരു ജഡ്ജി പിന്മാറി; പിന്മാറ്റം സുന്നി വഖഫ് ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നും ഒരു ജഡ്ജി പിന്മാറി. ജസ്റ്റിസ് യു.യു ലളിതാണ് പിന്മാറിയത്. ഈ സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് ജനുവരി 29ലേക്ക് മാറ്റി.

ജസ്റ്റിസ് യു.യു. ലളിത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിങ്ങിനുവേണ്ടി ഈ കേസില്‍ ഹാജരായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യു.യു ലളിത് കേസ് പരിഗണിക്കുന്നത് ശരിയല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് യു.യു ലളിത് കേസ് പരിഗണിക്കുന്നതില്‍ പിന്മാറിയത്.

അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് ഇന്ന് കോടതി ചേര്‍ന്നത്. കേസ് പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനിടയിലാണ് ഒരു ജഡ്ജി പിന്മാറിയത്. ഈ സാഹചര്യത്തില്‍ ഭരണഘടനാ ബെഞ്ചില്‍ പുതിയ ജഡ്ജിയെ കൊണ്ടുവന്നശേഷം മാത്രമേ കേസ് മുന്നോട്ടുകേള്‍ക്കാനാവൂ.

Also read:വൈദികരുടെ തെറ്റ് മറച്ചുപിടിക്കാന്‍ തന്നെ ആക്രമിക്കുന്നു; ദീപികയിലെ ലേഖനത്തിന് മറുപടിയുമായി ലൂസി കളപ്പുരക്കല്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസ് പരിഗണിക്കുന്നത്. യു.യു ലളിതിനു പുറമേ ജസ്റ്റിസ് ആര്‍.വി രാമണ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എസ്.എ ബോബ്‌ഡെ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ബാബരി മസ്ജിദ് ഉള്‍പ്പെടുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നിവക്ക് നല്‍കി 2010ല്‍ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഒരു ഡസനിലേറെ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

We use cookies to give you the best possible experience. Learn more