കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിധി പറയുന്ന ബെഞ്ചില്‍ നിന്നും താന്‍ മാറ്റപ്പെട്ടത് ചരിത്രം തെളിയിക്കേണ്ട സംഭവമാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. “ഓരോ കാലഘട്ടങ്ങളില്‍ കോടതികള്‍ ബെഞ്ചുകള്‍ പുനസംഘടിപ്പിക്കും. അതിനകത്ത് തെറ്റൊന്നുമില്ല. എന്നാല്‍
ശബരിമലയിലെ സ്ത്രീപ്രവേശന വിധി പറയുന്ന ബെഞ്ചില്‍ നിന്നും എന്തുകൊണ്ട് എന്നെ മാറ്റി നിര്‍ത്തി എന്നത് ഇപ്പോഴും വ്യക്തമല്ല” എന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കുര്യന്‍ ജോസഫിന്റെ പ്രതികരണമുള്ളത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ മനസ്സിലാക്കുന്ന, പ്രാദേശിക കാര്യങ്ങള്‍ അടുത്തറിയുന്ന ആളുകള്‍ വിധി കര്‍ത്താക്കളില്‍ ഉണ്ടായിരുന്നെങ്കില്‍ സുപ്രീം കോടതിയുടെ പല വിധികളിലും തിരുത്തലുകള്‍ക്ക് സാധ്യതയുണ്ടാകുമായിരുന്നു എന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
“വ്യക്തമായ പ്രാദേശിക അറിവുകള്‍ അല്ലെങ്കില്‍ ആ വിഷയവുമായി ബന്ധപ്പെട്ട മറുവശങ്ങള്‍ അറിയാവുന്ന ആളുകളും കൂടിയ ഒരു സമിതി, ഒരു ബെഞ്ച് ആയിരുന്നെകില്‍ അങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യ ചെയ്യുമ്പോള്‍ കൂടുതല്‍ ആലോചനകള്‍ നടക്കും. അങ്ങനെയുള്ള ഒരു ബെഞ്ച് ആയിരുന്നെങ്കില്‍ അതിന്റെ കൌണ്ടര്‍ വശങ്ങള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു എന്ന് പലവിധികളേയും കുറിച്ച് എനിക്ക് തോന്നിയിട്ടുണ്ട്”- ജസ്റ്റിസ് കുര്യന്‍ ജോസഫ് പറയുന്നു.
സുപ്രിം കോടതിയില്‍ ഏറ്റവും കൂടുതല്‍ വിധി പ്രഖ്യാപിച്ച മലയാളി ജഡ്ജിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 1034 വിധികള്‍ പുറപ്പെടുവിച്ചാണ് കുര്യന്‍ ജോസഫ് പടിയിറങ്ങയത്. മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്ക് എതിരെ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന് ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന്‍ ജേസഫ് ഉണ്ടായിരുന്നു.
കേരള ഹൈക്കോടതിയില്‍ 1979 ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് രണ്ടായിരത്തിലാണ് ഹൈക്കോടതി ജഡ്ജിയാവുന്നത്. പിന്നീട് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അയിരിക്കെ 2013 മാര്‍ച്ച് എട്ടിനാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്.
ദാമ്പത്യ തര്‍ക്ക കേസുകളില്‍ കക്ഷികളെ രമ്യതയിലാക്കുന്നതിനും സമാധാനപരമായി വേര്‍പിരിക്കുന്നതിനും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധപുലര്‍ത്തിയിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോടതി ഇടപെടല്‍ സഹായിച്ചതിന് നന്ദി അറിയിച്ച് മകന്‍ അയച്ച കത്ത് അദ്ദേഹം വിധി ന്യായത്തിന്റെ ഭാഗമാക്കി പ്രസിദ്ധീകരിച്ചത് ഏറെ പ്രശംസ നേടിയിരുന്നു.