കോഴിക്കോട്: മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷയോട് വിയോജിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഭരണഘടനയനുസരിച്ച് ചില നടപടി ക്രമങ്ങളുടെ അവകാശം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതില്‍ സങ്കടമുണ്ട്. തന്റെ നിലപാടിനോട് മറ്റു ജഡ്ജിമാര്‍ വിയോജിച്ചത് ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും ഇത് മരിക്കുന്നത് വരെ താന്‍ പറയുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
മനോരമ ന്യൂസ് “നേരെ ചൊവ്വേ” പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്.
മുംബൈ സ്ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മരണ വാറന്റ് കുര്യന്‍ ജോസഫ് റദ്ദാക്കിയത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായി. “യാക്കൂബ് അബ്ദുള്‍ മേമന്‍ Vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര” കേസിലാണ് ഈ വിധിന്യായമുണ്ടായത്. ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കാന്‍ യാക്കൂബ് മേമന് കഴിയുന്നതിനു മുന്‍പു തന്നെ മരണ വാറന്റ് നല്‍കി എന്ന വാദത്തെ മുഖവിലയ്ക്കെടുത്താണ് അന്ന് വാറന്റ് റദ്ദ് ചെയ്തത്.