[] മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൈയ്യടിക്ക് വേണ്ടി നിലപാട് മാറ്റാനാവില്ല എന്ന് ഉന്നതാധികാരി സമിതി അംഗം ജസ്റ്റിസ് കെ.ടി തോമസ്.
സുപ്രീംകോടതി വിധി തിരിച്ചടിയെന്ന പ്രചരണത്തില്‍ പിന്‍മാറണമെന്നും അണക്കെട്ട് സുരക്ഷിതമെങ്കില്‍ അത് വിശ്വസിക്കാനുള്ള ആര്‍ജവം കേരളത്തിനുണ്ടാവണമെന്നും കോടതി വിധിയെ സ്വാഗതം ചെയ്ത്‌കൊണ്ട് ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. എന്നാല്‍ ജലനിരപ്പ് 145 അടിയാക്കണമെന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.
കേരളത്തിനു വേണ്ടി വാദിക്കാനല്ല, വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തന്നെ സമിതിയില്‍ നിയമിച്ചത്. ഡാമിന് ബലക്ഷയമില്ല എന്ന് ഉന്നതാധികാരിക്ക് ബോധ്യം വന്നത്‌കൊണ്ടാണ് വിധി ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജസ്റ്റിസിനെതിരെ രൂക്ഷ വിമര്‍ശവുമായി ജലവിഭവ മന്ത്രി പി.ജെ ജോസഫും മുല്ലപ്പെരിയാല്‍ സമരസമിതി നേതാവ് ഫാ.ജോയ് നിരപ്പേല്‍ രംഗത്തെത്തി.
ജസ്റ്റിസ് കെ.ടി തോമസിന്റെ മുന്‍നിലപാട് ആത്മാര്‍ത്ഥമായിരുന്നോയെന്ന് സംശയമുള്ളതായി പി.ജെ ജോസഫ് പ്രതികരിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ത്തരുതെന്നായിരുന്നു കെ.ടി തോമസിന്റെ മുന്‍നിലപാട്. എന്നാല്‍ പുതിയ വിധിയെ സ്വാഗതം ചെയ്തതിലൂടെ ആ നിലപാട് ആത്മാര്‍ത്ഥമായിരുന്നുവെന്നതില്‍ സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജസ്റ്റിസ് കെ.ടി തോമസ് കേരളത്തെ വഞ്ചിച്ചിരിക്കുന്നു എന്നതായിരുന്നു ഫാ.ജോയ് നിരപ്പേലിന്റെ വിമര്‍ശനം. യുദാസിനേക്കാള്‍ വലിയ ചതി കെ.ടി തോമസ് കേരളത്തോട് ചെയ്തുവെന്നും അത് കൊണ്ടാണ് തമിഴ്‌നാടിന് ഏകപക്ഷീയമായി വിധി വന്നതെന്നും അദ്ദേഹം പ്രതികരിച്ചു.