സഹാറാ നിക്ഷേപ തട്ടിപ്പ് കേസ് പരിഗണിക്കുമ്പോള്‍ വലിയ സമ്മര്‍ദ്ദം നേരിട്ടു: ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍
Daily News
സഹാറാ നിക്ഷേപ തട്ടിപ്പ് കേസ് പരിഗണിക്കുമ്പോള്‍ വലിയ സമ്മര്‍ദ്ദം നേരിട്ടു: ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2014, 9:36 am

[] ന്യൂദല്‍ഹി: സഹാറാ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ് കേസ് പരിഗണിക്കുമ്പോള്‍ വലിയ സമ്മര്‍ദ്ദം നേരിട്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസ് പരിഗണിക്കുമ്പോള്‍ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും ആലോചിക്കാവുന്നതിലുമപ്പുറമായിരുന്നെന്നും തനിക്കുണ്ടായ സമ്മര്‍ദ്ദം കുടുംബാംഗങ്ങളിലും പ്രതിഫലിച്ചെന്നും അദ്ദേഹം പറഞ്ഞു. 24000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്ക് ജാമ്യം നിഷേധിച്ചത് കെ.എസ് രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ചാണ.

ന്യൂദല്‍ഹിയില്‍ മലയാളി അഭിഭാഷകര്‍ ഒരുക്കിയ വിരമിക്കല്‍ ചടങ്ങിനിടെയാണ് ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന്‍ സഹാറാ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനും ജെ.എസ് കെഹാറും ഉള്‍പ്പെടുന്ന ബെഞ്ചാണ് സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്കെതിരായ നിക്ഷേപ തട്ടിപ്പ് കേസ് പരിഗണിച്ചത്.

കേസ് പരിഗണിക്കവെ സഹാറാ ഗ്രൂപ്പിനായി ഹാജരായ അഭിഭാഷകന്‍ രാം ജഠ്മലാനി ജസ്റ്റിസ് രാധാകൃഷ്ണന്റെ ബഞ്ച് പക്ഷപാതപരമായി പെരുമാറുന്നെന്ന് ആരോപിച്ചിരുന്നു. ഇതൊന്നും വകവെയ്ക്കാതെയായിരുന്നു കേസില്‍ കോടതിയുടെ ശക്തമായ ഇടപെടല്‍. ഇത്തരം കേസുകളില്‍ അമാനുഷികമായ സിദ്ധി വേണമെന്ന് കേസിന്റെ വിധിന്യായത്തില്‍ കോടതി വ്യക്തമാക്കിയിരുന്നു. ഒരു വ്യാവസായിക പ്രമുഖനായി 81 മണിക്കൂര്‍ ചെലവിഴിക്കുക വഴി കോടതിയുടെ സമയം പാഴാക്കുകയാണ് സഹാറയുടെ അഭിഭാഷകന്‍ ചെയ്തതെന്നും കോടതി വിമര്‍ശിച്ചിരുന്നു.