ന്യൂദല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പഴയ കരാര്‍ പരിഗണനയിലിരിക്കെ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2015ല്‍ പുതിയ കരാറുണ്ടാക്കിയതെന്ന് കേന്ദ്രസര്‍ക്കാറിനോട് ജസ്റ്റിസ് കെ.എം ജോസഫ്. റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവേയാണ് സംഭവം.
2015 ഏപ്രിലില്‍ പ്രധാനമന്ത്രി എങ്ങനെയാണ് ഈ കരാറിന്റെ വിശദാംശങ്ങള്‍ എല്ലാം തന്നെ പരസ്യമാക്കിയത് എന്നുള്ളതായിരുന്നു വാദത്തിനിടെ കെ.എം ജോസഫ് ചോദിച്ചത്. ഇതിനുശേഷമാണ് കരാറിലെത്തിയതെന്നാണ് രേഖകളില്‍ പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.
Also Read:റാഫേല്‍ ഇടപാട് പരിശോധിക്കേണ്ടത് കോടതിയല്ല, വിദഗ്ധരാണ്; സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍
അദ്ദേഹത്തിന്റെ സംശയത്തിന് ചീഫ് ജസ്റ്റിസ് തന്നെയാണ് മറുപടി നല്‍കിയത്. 2015 മാര്‍ച്ചില്‍ തന്നെ പഴയ കരാര്‍ പിന്‍വലിക്കുന്നതിനായുള്ള നടപടികള്‍ തുടങ്ങിയതായി കോടതിക്കു മുമ്പാകെയുള്ള രേഖകളില്‍ പറയുന്നുണ്ട്. കോടതിക്കുമുമ്പാകെയുള്ള രേഖകള്‍ നോക്കിയാല്‍ അതു മനസിലാകുമെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.
യു.പി.എ കാലത്തുണ്ടാക്കിയ 126 റഫാല്‍ വാങ്ങാനുള്ള കരാര്‍ നിലനില്‍ക്കെ പുതിയ കരാര്‍ എങ്ങനെ പ്രഖ്യാപിച്ചുവെന്നതായിരുന്നു കെ.എം ജോസഫിന്റെ ചോദ്യം. ചീഫ് ജസ്റ്റിസിന്റെ മറുപടിയില്‍ തൃപ്തനായി കെ.എം ജോസഫ് പിന്നീട് ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചുമില്ല.
മുന്‍ കരാറിലെ യുദ്ധവിമാനങ്ങളും പുതിയ കരാറിലെ യുദ്ധവിമാനങ്ങളും ഒന്നുതന്നെയാണോയെന്നും ജസ്റ്റിസ് കെ.എം ജോസഫ് അറ്റോര്‍ണി ജനറലിനോടു ചോദിച്ചിരുന്നു. അതെയെന്ന രീതിയിലായിരുന്നു എ.ജിയുടെ പ്രതികരണം.