| Tuesday, 25th February 2020, 10:13 am

'മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ മോദിയെയും ഭരണകൂടത്തെയും പേടിയായിരിക്കും, പക്ഷേ എനിക്കില്ല'; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി ജസ്റ്റിസ് കമാല്‍ പാഷ രംഗത്ത്. തനിക്ക് ഒരു മുസ്‌ലിം സംഘടനകളുമായും ബന്ധമില്ലെന്നും ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നതുകൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കമാല്‍ പാഷ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ മുഖ്യമന്ത്രി അനുകൂലിക്കുന്നതായി സംശയിക്കുന്നവെന്നും എതിര്‍ക്കുന്നതായി പുറമെ കാണിക്കുകയാണെന്നും കമാല്‍ പാഷ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്രമോദിയുടെയും ഭരണകൂടത്തെയും ഭയം കാണുമെന്നും തനിക്ക് അത്തരം ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ മാവോയിസ്റ്റ് കൊലപാതകം, യു.എ.പി.എ കേസ് എന്നീ വിഷയങ്ങളില്‍ നിലപാട് സ്വീകരിച്ചതു കൊണ്ടാവും പിണറായി വിജയന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു മുന്‍ ന്യായാധിപന്‍ ജമാ അത്തെ ഇസ്‌ലാമിയുടെ നാവായി മാറുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജമാ അത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്നും ഇരുന്ന കസേരയുടെ വലിപ്പം മനസിലാക്കാതെ തെറ്റിധാരണ പരത്തുകയാണെന്നുമായിരുന്നു മുഖ്യമന്ത്രി വിമര്‍ശിച്ചത്.

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകള്‍ തന്റെ നാവില്‍ വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ജമാത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ഒപ്പം കൂട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more