കൊച്ചി: മലബാര്‍ സിമന്റസിലെ അഴിമതിയില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരം നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. അഴിമതി സംബന്ധിച്ച് മൂന്നു പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കോടതിയെ വിജിലന്‍സ് അറിയിച്ചു.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സിനുമെതിരെ ഹൈക്കോടതി കഴിഞ്ഞയാഴ്ച രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. വി.എം രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോയെന്ന് ചോദിച്ച കോടതി കേസന്വേഷണം പ്രഹസനമായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയനടക്കം രാധാകൃഷ്ണന്‍ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്നും പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വി.എം രാധാകൃഷ്ണന്‍ അടക്കമുളളവര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.