| Wednesday, 6th November 2019, 11:42 pm

'പൊലീസിന്റെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നില്‍ കേന്ദ്രത്തിന്റെ കോടികള്‍'; ടോം ജോസിന്റേത് കോടതിയലക്ഷ്യമെന്ന് കെമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ടക്കായി നല്‍കുന്ന കോടികളാണ് പൊലീസിന്റെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നിലെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ. മാവോയിസ്റ്റുകള്‍ക്കെതിരെ ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്രകടനം നടത്തിയതും അദ്ദേഹം വിമര്‍ശിച്ചു.

‘വെറുതെ ചുമത്താനുള്ളതല്ല യു.എ.പി.എ. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുകയല്ല വേണ്ടത്. തെറ്റു തിരുത്തി സമൂഹത്തില്‍ കൊണ്ടു വരണം. ചീഫ് സെക്രട്ടറി ലേഖനം എഴുതിയതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല. മാവോയിസ്റ്റിനെ വെടി വെച്ച് കൊല്ലണമെന്നത് സംസ്‌കാരമില്ലായ്മയാണ്’, കെമാല്‍ പാഷ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചീഫ് സെക്രട്ടറിക്ക് എങ്ങനെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന വിഷയത്തില്‍ അന്വേഷണം നടത്തുന്ന ഏജന്‍സിയുടെ മുകളില്‍ അധികാര സ്ഥാനത്തിരിക്കുന്ന ചീഫ് സെക്രട്ടറി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് കോടതിയലക്ഷ്യമാണെന്നും കെമാല്‍ പാഷ പറഞ്ഞു.

‘മജിസ്റ്റീരിയല്‍ അന്വേഷണം കഴിഞ്ഞു വേണം ചീഫ് സെക്രട്ടറി അഭിപ്രായം പറയാന്‍. മാവോയിസ്റ്റ് വേട്ടക്കായി ലഭിക്കേണ്ട 580 കോടി ലഭിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തത്. സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരും. വിഷയത്തില്‍ കണ്ണടച്ചിരിക്കുന്നത് ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എ.ഐ.വൈ.എഫിന്റെ ‘മാവോയിസ്റ്റ് വേട്ടയും യു.എ.പി.എയും കേരളത്തിന് അപമാനം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെമാല്‍പാഷ. കഴിഞ്ഞ ദിവസമാണ് പാലക്കാട് മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികള്‍ പൊലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

കോഴിക്കോട് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചിരുന്നു. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഉള്ള നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകര്‍ പലതരം വാദം ഉന്നയിച്ചെങ്കിലും കോടതി ഇതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വാദത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more