| Tuesday, 5th July 2022, 12:40 pm

ഇത്തരം വിവരം കെട്ടവന്മാരൊക്കെ മന്ത്രിയായി ഭരിക്കുന്ന ദുരോഗ്യത്തെക്കുറിച്ചോര്‍ത്ത് വിലപിക്കാനേ സാധിക്കൂ; സജി ചെറിയാനെ മന്ത്രിക്കസേരയില്‍ നിന്നും ഇറക്കിവിടണം: കെമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചുകൊണ്ടുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍ പാഷ.

ഇതുപോലുള്ള വിവരം കെട്ടവര്‍ മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുന്നതിനെ കുറിച്ചോര്‍ത്ത് വിലപിക്കാനേ ജനങ്ങള്‍ക്ക് സാധിക്കൂ എന്നും സജി ചെറിയാന് ഒരു നിമിഷം പോലും പദവിയില്‍ തുടരാനുള്ള അവകാശമില്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ അധികാരത്തില്‍ നിന്നും ഇറക്കി വിടണമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

”ഇതിനെക്കുറിച്ചൊക്കെ എന്താ അഭിപ്രായം പറയേണ്ടത് യഥാര്‍ത്ഥത്തില്‍. ഇത്തരം വിവരം കെട്ടവന്മാരൊക്കെ മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുക എന്ന് പറയുന്നത്… അങ്ങനെ ഭരിക്കപ്പെടാനുള്ള നമ്മുടെ ദുരോഗ്യത്തെക്കുറിച്ചോര്‍ത്ത് വിലപിക്കാനേ നമുക്ക് സാധിക്കൂ.

സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമ്പോള്‍ പറയുന്ന കാര്യങ്ങളെങ്കിലും അയാള്‍ക്ക് ഓര്‍മ വേണ്ടേ. ഞാന്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും മറ്റ് നിയമങ്ങള്‍ അനുസരിച്ചും എന്ന് പറഞ്ഞാണ് അത് തുടങ്ങുന്നത്.

അത് മനസിലാക്കിയെടുക്കാനുള്ള വിവരമുള്ളവര്‍ക്കേ ചിലപ്പോള്‍ അത് പറ്റുന്നുണ്ടാവൂ. ഇതിനെക്കുറിച്ച് വേറെ എന്താ പറയേണ്ടത്. ഒരിക്കലും, ഒരു കാരണവശാലും ഒരു മന്ത്രി പുറത്ത് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഈ പറഞ്ഞ് കാണുന്നത്. ഇത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി.

ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിയിരിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം എന്നൊക്കെ പറയുന്നത് കുന്തവും കുടച്ചക്രവുമായിട്ടായിരിക്കും മന്ത്രിക്ക് തോന്നുന്നത്. ശരിയാണ്, കാരണം ഇവിടെ ജനാധിപത്യമൊന്നുമില്ലല്ലോ. ഇവിടെ ആര്‍ക്കും ആരെയും വിമര്‍ശിക്കാം. ഭരണാധികാരികളെ വിമര്‍ശിക്കുക എന്നുള്ളത് ജനാധിപത്യത്തില്‍ ഒരു പൗരന്റെ ഏറ്റവും വലിയ അവകാശമാണ്.

വോട്ട് ചെയ്ത് ജയിപ്പിച്ചവന്റെ അവകാശമാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ ഇവിടത്തെ പരമാധികാരികള്‍. ആ പാവങ്ങളുടെ അവകാശമാണ് ഭരിക്കുന്നവരെ വിമര്‍ശിക്കുക, അവരെ ശരിപ്പെടുത്തിയെടുക്കുക എന്നുള്ളത്. അതൊന്നും പാലിക്കുന്നില്ല, അടിച്ചമര്‍ത്തുകയാണ്.

ആളുകള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. അതിനിടയിലാണ് ഒരു മന്ത്രി ഇതുപോലുള്ള വര്‍ത്തമാനം പറയുന്നത്. യഥാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഒരു നിമിഷം പോലും മന്ത്രിക്ക് പദവിയില്‍ തുടരാനുള്ള അവകാശമില്ല.

കാരണം ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരാളാണ് മന്ത്രി എന്ന് വെളിവാക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലെങ്കില്‍ ഈ ജനാധിപത്യ സംവിധാനത്തില്‍ ഭരിക്കാനുള്ള അവകാശം എങ്ങനെ അദ്ദേഹത്തിന് കിട്ടും. നിര്‍ബന്ധമായും കേരള മുഖ്യമന്ത്രി അദ്ദേഹത്തെ അധികാരത്തില്‍ നിന്നും ഇറക്കി വിടേണ്ടതാണ്. അയാളുടെ രാജി ചോദിച്ച് വാങ്ങണം,” കെമാല്‍ പാഷ പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. തൊഴിലാളികള്‍ക്ക് ഭരണഘടന യാതൊരുവിധ സംരക്ഷണവും നല്‍കുന്നില്ലെന്നും പത്തനംതിട്ടയില്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളിയില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞിരുന്നു.

”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഞാന്‍ പറയുന്നത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത് എന്നാണ്.

ബ്രിട്ടീഷുകാര്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യയില്‍ എഴുതിവെച്ചു, അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുകയാണ്. ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. മുക്കിലും മൂലയിലും കുറച്ച് ഗുണങ്ങളിട്ടിട്ടുണ്ട് എന്ന് വേണമെങ്കില്‍ പറയാം.

എന്നുവെച്ചാല്‍ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷെ, കൃത്യമായി ആളുകളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനുമാണിത്.

തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഈ രാജ്യത്ത് വളര്‍ന്നുവരുന്നത്. ഈ പണമെല്ലാം എവിടെ നിന്നാണ്.

പാവപ്പെട്ടവന്റെ അധ്വാനത്തില്‍ നിന്ന് ലഭിക്കുന്ന മിച്ച മൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട്, പാവങ്ങളെ ചൂഷണം ചെയ്ത്, അവര്‍ക്ക് ശമ്പളം കൊടുക്കാതെ, അവരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ പണം. എട്ട് മണിക്കൂര്‍ ജോലി എന്ന് പറഞ്ഞ് സമരം ചെയ്തിട്ട്, ഇന്ന് നമ്മുടെ നാട്ടില്‍ 12ഉം 16ഉം 18ഉം 20ഉം മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഭരണഘടന അവര്‍ക്ക് സംരക്ഷണം കൊടുക്കുന്നുണ്ടോ,” സജി ചെറിയാന്‍ പറഞ്ഞു.

കോടതികളെ വിമര്‍ശിച്ചുകൊണ്ടും പരിപാടിയില്‍ മന്ത്രി സംസാരിച്ചിരുന്നു. ഏതെങ്കിലും തൊഴിലാളി സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുമായി കോടതിയില്‍ എത്തിക്കഴിഞ്ഞാല്‍ മുതലാളികള്‍ക്ക് അനുകൂലമായ സമീപനമാണ് കോടതികളില്‍ നിന്ന് ഉണ്ടാകുന്നതെന്നും തൊഴിലാളികള്‍ക്ക് കോടതികളില്‍ നിന്നും നീതി കിട്ടുന്നില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

Content Highlight: Justice Kemal Pasha against minister Saji Cheriyan for his comment on constitution of India

We use cookies to give you the best possible experience. Learn more