| Saturday, 9th January 2021, 7:50 am

യു.ഡി.എഫ് സീറ്റ് നല്‍കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ. യു.ഡി.എഫ് സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്ന് കമാല്‍ പാഷ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ക്ഷണിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുറിച്ച് ചിന്തിക്കും. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്നും കമാല്‍ പാഷ പറഞ്ഞു.

ബി.ജെ.പിയോട് താല്‍പര്യമില്ല. അവരോട് ഭരണരീതിയോടും താല്‍പര്യമില്ല. പല കാര്യങ്ങളും തുറന്നുപറയുന്നതു കൊണ്ട് എല്‍.ഡി.എഫിന് തന്നോട് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെത്തിയാല്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. എറണാകുളത്ത് മത്സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ ആയാല്‍ ശമ്പളം വാങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നുകൊടുത്ത സംഭവത്തില്‍ പ്രതികരണവുമായി കമാല്‍ പാഷ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു.

”ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പാലം തുറക്കാന്‍ മുഹൂര്‍ത്തം നോക്കി നില്‍ക്കുകയാണ്. പണികഴിഞ്ഞാല്‍ അതു തുറന്നു കൊടുത്തേക്കെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ തീരുന്നിടത്താണിത്.

മുഖ്യമന്ത്രി കാലെടുത്തു വെച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ. ഇന്നയാളെ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലം,” കമാല്‍ പാഷ പറഞ്ഞു.

വൈറ്റിലയിലേയും കുണ്ടന്നൂരിലെയും ജനങ്ങള്‍ പാലം തുറന്നു കൊടുക്കാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പാലം തുറന്നു നല്‍കിയിട്ടില്ല. സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സമയത്തെ വിലപേശലിന് വെച്ചിരിക്കുകയാണ് ഇതൊക്കെ.

അവരുടെ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നതെന്നും കമാല്‍ പാഷ പറഞ്ഞു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോര്‍ക്കണം. പൊതുജനങ്ങളുടെ പണം, പൊതുജനങ്ങളുടെ സ്ഥലം. അതില്‍ കയറാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Justice Kemal Pasha about contesting as UDF candidate in Kerala Legislative assembly election

Latest Stories

We use cookies to give you the best possible experience. Learn more