TN Election 2021
'ദൈവം ഉണ്ടോ എന്ന് സംശയിക്കുന്നു, ഉണ്ടെങ്കില്‍ എന്റെ തമിഴ്‌നാടിനെ രക്ഷിക്കട്ടെ'; സ്റ്റാലിന്‍ വിജയിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ജസ്റ്റിസ് കട്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 03, 06:03 am
Monday, 3rd May 2021, 11:33 am

ന്യൂദല്‍ഹി: തമിഴ്‌നാട് നിയമസഭയിലേക്ക് എം.കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡി.എം.കെ മുന്നണി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കരുണാനിധിയുടെ പക്കല്‍ എത്ര പണം ഉണ്ടായിരുന്നെന്നും ഇപ്പോള്‍ മാരന്‍ അടക്കമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് എത്ര പണമുണ്ടെന്നും കട്ജു ചോദിച്ചു.

ആയിരക്കണക്കിന് കോടി രൂപ കൈവശം ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ഈ കുടുംബം ഇന്ന് വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുകയാണെന്നും കട്ജു പറഞ്ഞു

കാമരാജില്‍ നിന്ന് എത്രവൈരുദ്ധ്യമാണിത്. അദ്ദേഹം മരിക്കുമ്പോള്‍ 130 രൂപയും 2 ജോഡി ചെരുപ്പ്, 4 ഷര്‍ട്ട്, 4 ധോത്തി, കുറച്ച് പുസ്തകങ്ങള്‍ എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കട്ജു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ദൈവം ഉണ്ടോ എന്ന് സംശയിക്കുന്നു. ഉണ്ടെങ്കില്‍ എന്റെ ദത്ത് സംസ്ഥാനമായ തമിഴ്‌നാടിനെ രക്ഷിക്കട്ടെ എന്നും കട്ജു ഫേസ്ബുക്കില്‍ എഴുതി.

അതേസമയം ചരിത്ര വിജയമാണ് തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിനും ഡി.എം.കെ മുന്നണിയും നേടിയത്. തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ ഡി.എം.കെ, സഖ്യത്തിനൊപ്പം 158 സീറ്റുകളാണ് നേടിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ എത്തുന്നത്.

അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം 75 സീറ്റുകളാണ് നേടിയത്. മക്കള്‍ നീതി മയ്യത്തിന്റെയും ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെയും മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Justice Katju criticizes MK  Stalin’s victory in Tamilnadu