| Monday, 4th August 2014, 10:43 am

ജസ്റ്റിസ് ദാവേയുടെ ഭഗവത്ഗീതാ പരമാര്‍ശം: മതേതരത്വത്തിനും ഭരണഘടനയ്ക്കും ഭീഷണി; ജസ്റ്റിസ് കഠ്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജസ്റ്റിസ് എ.ആര്‍ ദാവേയുടെ ഭഗവത്ഗീതാ പരാമര്‍ശത്തിനെതിരെ ശക്തമായ നിലപാടുമായി സുപ്രീം കോടതി മുന്‍ന്യായാധിപനും പ്രസ്‌ കൗണ്‍സില്‍ ഓഫ് ഇന്ത്യാ ചെയര്‍മാനുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിനും ഭരണഘടനയ്ക്കും ജസ്റ്റിസ് ദാവേയുടെ പ്രസ്താവന ഭീഷണിയാണെന്നാണ് ജസ്റ്റിസ് കഠ്ജു വ്യക്തമാക്കിയിരിക്കുന്നത്.

സ്‌കൂളുകളില്‍ മഹാഭാരതവും ഭഗവത്ഗീതയും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന ദാവേയുടെ പ്രസ്താവനയോട് ഒരു നിലയ്ക്കും യോജിക്കാനാവില്ലെന്നും ഇന്ത്യയെപ്പോലെ ബഹുമുഖ സംസ്‌കാരമുള്ള ഒരു രാജ്യത്ത് ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ അനുവദിക്കാനാവില്ലെന്നും കഠ്ജു വിശദീകരിച്ചു. അത് ഇന്ത്യയുടെ മതേതര പാരമ്പര്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റു മതസ്ഥര്‍ പ്രത്യേകിച്ച് മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും ഭഗവത്ഗീതയോ മഹാഭാരതമോ പഠിക്കണമെന്ന് ആഗ്രഹിക്കുകയില്ല. ഇത്തരം ഗ്രന്ഥങ്ങള്‍ക്ക് മതവുമായി ബന്ധമില്ലെന്നും ധാര്‍മികത പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ചിലര്‍ അവകാശപ്പെടുന്നത്. ഇത് ശരിയല്ല. ഇത്തരം വാദഗതികള്‍ ഏതു മതക്കാര്‍ക്കും തങ്ങളുടെ മതത്തെ കുറിച്ച് അവകാശപ്പെടാം. അങ്ങനെ വന്നാല്‍ നമ്മുടെ ഐക്യം തകരുകയില്ലേ ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു.

താന്‍ ഒരു സ്വേച്ഛാധിപതിയാണെങ്കില്‍ ഒന്നാം ക്ലാസുമുതല്‍ കുട്ടികളെ മഹാഭാരതവും ഭഗവത്ഗീതയും പഠിപ്പിക്കാന്‍ ഉത്തരവു നല്‍കുമായിരുന്നു എന്നാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.ആര്‍ ദാവേ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നത്. ഗുരുശിഷ്യ ബന്ധങ്ങളുള്‍പ്പെടെയുള്ള നല്ല പാരമ്പര്യങ്ങള്‍  നശിച്ചുപോയെന്നും ആ പാരമ്പര്യങ്ങള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ ആക്രമണവും തീവ്രവാദവുമൊന്നും ഉണ്ടാവുമായിരുന്നില്ല എന്നാണ്‌  അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

മാത്രവുമല്ല ഇന്ന് മതേതരവാദികള്‍ എന്നു പറയുന്നവര്‍ ഈ ഗ്രന്ഥങ്ങള്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

[]ഇതിനോടകം ദാവേയുടെ പരാമര്‍ശം കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. കഡ്ജുവിന് പുറമേ ഇടതുപക്ഷ കക്ഷികളും പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദാവേയുടെ പ്രസ്താവന അനുചിതവും യോജിക്കാനാവുന്നതുമല്ലെന്നാണ് സി.പി.ഐ.എം വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ മതേതര മൂല്യങ്ങളെ തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണെന്നും അദ്ദേഹം ഇന്ത്യയുടെ സ്വേച്ഛാധിപതിയാവാതിരുന്നത് എന്തുകൊണ്ടും നന്നവായി എന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതികരണം.

We use cookies to give you the best possible experience. Learn more