കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് കേരളത്തില്‍. കൊച്ചിയിലെ പനങ്ങാടുള്ള ആഡംബര റിസോര്‍ട്ടിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. രണ്ടു സഹായികള്‍ക്കൊപ്പമാണു കര്‍ണന്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞത്. എ.എം. രാജ്, ചൂടി അമ്മന്‍ സ്ട്രീറ്റ്, ചെന്നൈ എന്ന വിലാസത്തിലാണ് റിസോര്‍ട്ട് എടുത്തതെന്ന് റിസോര്‍ട്ട് അധികൃതര്‍ വെളിപ്പെടുത്തുന്നു.
മൂന്ന് തമിഴ്നാട് സ്വദേശികളാണ് റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമായിരുന്നു റിസോര്‍ട്ട് അധികൃതരുടെ പ്രതികരണം. ഈ മാസം 11 മുതല്‍ 14 വരെയാണ് പനങ്ങാട് റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞതെന്ന് തമിഴ്നാട് പോലീസ് പറയുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ റിസോര്‍ട്ട് ബുക്ക് ചെയ്തതെന്നും പൊലീസ് പറയുന്നു.
കോയമ്പത്തൂരില്‍ വെച്ചായിരുന്നു പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത പൊലീസാണ് കര്‍ണ്ണനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ കര്‍ണ്ണനെ ചെന്നൈയിലേക്ക് കൊണ്ടുപോയി. നാളെ അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. പ്രസിഡന്‍സി ജയിലിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോകുക. കഴിഞ്ഞ മെയ് മാസം 9 മുതല്‍ ഇദ്ദേഹം ഒളിവിലായിരുന്നു. ഒളിവിലായിരിക്കുന്ന സമയത്താള് ജസ്റ്റിസ് കര്‍ണ്ണന്‍ പദവിയില്‍ നിന്ന് വിരമിച്ചത്.
ചെയ്ത തെറ്റിന് മാപ്പ് പറയാന്‍ കര്‍ണ്ണന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ നേരത്തേ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. കോടതിയലഷ്യത്തിന് സുപ്രീം കോടതി നേരത്തേ തടവ് ശിക്ഷ വിധിച്ചിരുന്നു.
കര്‍ണന്റെ പ്രസ്താവന നല്‍കുന്നതിന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തിരുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് സിറ്റിംഗ് ജഡ്ജിയെ കോടതിയലഷ്യത്തിന് ശിക്ഷിക്കുന്നത്. കര്‍ണനെ ഉടനെ ജയിലിലടക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
തന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കോടതിയലഷ്യത്തിന് കേസെടുത്തത്.
“സുപ്രീം കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ല. മാധ്യങ്ങളുടെ വായമൂടിക്കെട്ടിയുള്ള സുപ്രീം കോടതി ഉത്തരവ് ഞാന്‍ തള്ളുന്നു. ഇത് കേവലം ഏഴു ജഡ്ജിമാരും ഞാനും തമ്മിലുള്ള പ്രശ്നമല്ല. നീതിന്യായവ്യവസ്ഥയിലെ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്.” നേരത്തെ ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞ വാക്കുകളാണിത്.
അഴിമതിക്കാരായ ജഡ്ജിമാര്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഇഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടോയെന്നു പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ അതുപോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കര്‍ണന്റെ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി നേരത്തെ മാധ്യമങ്ങളെ വിലക്കിയിരുന്നു. തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിച്ചില്ലെന്നും താനൊരു ദളിതനാണെന്ന കാര്യം അവഗണിച്ചെന്നുമാണ് കര്‍ണന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. ചീഫ് ജസ്റ്റസിനെ കൂടാതെ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് പിനാക്കി ചന്ദ്ര ഗോസ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരെ അറസ്റ്റ് ചെയ്യാനുമായിരുന്നു കര്‍ണന്റെ ഉത്തരവ്.