ചെന്നൈ: സുപ്രീം കോടതി ആറ് മാസം തടവ്ശിക്ഷ വിധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണന്‍ നേപ്പാളിലോ ബംഗ്ലാദേശിലോ ഉണ്ടാകാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കര്‍ണന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: രാഷ്ട്രപതിസ്ഥാനത്തേക്ക് രാഷ്ട്രപിതാവിന്റെ കൊച്ചുമകനെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷം
അതേസമയം പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കാനാണ് കര്‍ണന്റെ അഭിഭാഷകരുടെ തീരുമാനം. രാഷ്ട്രപതി ഇടപെട്ട് ജസ്റ്റിസ് കര്‍ണന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.
തങ്ങള്‍ നിയമപോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. കുല്‍ഭൂഷണ്‍ ജദവിന്റെ കാര്യത്തിലേതെന്ന പോലെ രാഷ്ട്രപതി ഇടപെട്ട് കര്‍ണന്റെ കേസും അന്താരാഷ്ട്ര കോടതിയില്‍ എത്തിക്കണം. അതുവരെ ജസ്റ്റിസ് കര്‍ണന് ഒളിവില്‍ കഴിയേണ്ടതായുണ്ട്. -കര്‍ണന്റെ അഭിഭാഷകന്‍ പറഞ്ഞു.
ആറ് മാസത്തെ തടവ് ശിക്ഷയും അറസ്റ്റ് വാറണ്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണന്റെ അഭിഭാഷകര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്‍ നേരത്തേ ഉത്തരവിട്ടിരുന്നു.
തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിച്ചില്ലെന്നും താനൊരു ദളിതനാണെന്ന കാര്യം അവഗണിച്ചെന്നുമാണ് കര്‍ണന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. ചീഫ് ജസ്റ്റസിനെ കൂടാതെ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് പിനാക്കി ചന്ദ്ര ഗോസ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരെ അറസ്റ്റ് ചെയ്യാനുമായിരുന്നു കര്‍ണന്റെ ഉത്തരവ്.