| Thursday, 17th May 2018, 10:14 am

'മോദിക്കെതിരെ മത്സരിക്കും; 2019 ല്‍ മുസ്‌ലീം സ്ത്രീ പ്രധാനമന്ത്രി ഉണ്ടാകും';പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ജസ്റ്റിസ് കര്‍ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കോടതിയലക്ഷ്യ നടപടി നേരിട്ട കൊല്‍ക്കത്ത ഹൈക്കോടതി റിട്ട. ജസ്റ്റിസ് സി.എസ്. കര്‍ണന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ജയിലില്‍ നിന്ന് മോചിതനായി അഞ്ചുമാസം പിന്നിടുന്ന വേളയിലാണ് പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്.

“ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി” എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉടന്‍ തന്നെ രജിസ്റ്റ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും സി.എസ്. കര്‍ണന്‍ അറിയിച്ചു. സ്ത്രീകളെ മാത്രം സ്ഥാനാര്‍ഥികളാക്കി 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ 543 ലോക സഭാ നിയോജകമണ്ഡലങ്ങളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Also Read:  കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരേയും വഹിച്ചുകൊണ്ടുള്ള വാഹനം കര്‍ണാടക നിയമസഭയിലേക്ക് പുറപ്പെട്ടു; വന്‍പ്രതിഷേധത്തിനൊരുങ്ങി എം.എല്‍.എമാര്‍


തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മാത്രമേ മത്സരിക്കുകയുള്ളു എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ താന്‍ തന്നെ മത്സരിക്കുമെന്നും കര്‍ണന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടി അധികാരത്തിലേറിയാല്‍ 2019-20 കാലയളവില്‍ ഒരു മുസ്‌ലിം സ്ത്രീയെ പ്രധാനമന്ത്രിയാക്കുമെന്നും കര്‍ണന്‍ കൂട്ടിച്ചേര്‍ത്തു. ഭരണത്തിലിരിക്കുന്ന ഓരോ വര്‍ഷവും ഓരോ പ്രധാമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ രജിസ്ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് നിന്ന് അഴിമതി ഇല്ലാതാക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറു മാസത്തിന് സി.എസ്. കര്‍ണനെ ശിക്ഷിച്ചിരുന്നു. 20 സഹ ജഡ്ജിമാരെ അഴിമതിക്കാരെന്ന് ആരോപിച്ച് അവരുടെ പേരുകള്‍ പ്രഖ്യാപിക്കുകയും അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കടക്കം കത്തുകള്‍ നല്‍കുകയും ചെയ്തതോടെയാണ് അദ്ദേഹത്തിനെതിരെ സുപ്രീംകോടതി നടപടി.


Watch doolNews:

We use cookies to give you the best possible experience. Learn more