| Friday, 10th March 2017, 5:31 pm

'ഇത് തനി ജാതിക്കളി; എനിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത് ജീവിതവും ജോലിയും തകര്‍ക്കാന്‍': ജസ്റ്റിസ് കര്‍ണ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കോടതിയലക്ഷ്യത്തിന് തനിക്കെതിരെ സുപ്രീം കോടതി വാറണ്ട് പുറപ്പെടുവിച്ചത് തന്റെ ജീവിതം തകര്‍ക്കാന്‍ വേണ്ടിയാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണ്ണന്‍ പറഞ്ഞു. ഇതില്‍ ജാതി പ്രശ്‌നം മാത്രമേയുള്ളുവെന്നും ഇപ്പോഴത്തെ ഉത്തരവ് ഏകപക്ഷീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.

ഇന്ന് രാവിലെയാണ് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ജസ്റ്റിസ് കര്‍ണ്ണനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് കര്‍ണ്ണനോട് നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. മൂന്നാഴ്ചത്തെ സമയം നീട്ടി നല്‍കിയിട്ടും ഹാജരാകാത്തതിനാലാണ് ഇന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

താന്‍ ദളിത് ആയതിനാലാണ് പലരും തന്നെ ലക്ഷ്യമിടുന്നത് എന്ന് ജസ്റ്റിസ് കര്‍ണ്ണന്‍ തുറന്നടിച്ചിരുന്നു. ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയത്തിനെതിരേയും ജസ്റ്റിസ് കര്‍ണ്ണന്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്.


Also Read: നാസ കണ്ടെത്തി, ചന്ദ്രയാന്‍ പേടകം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നു


ചീഫ് ജസ്റ്റീസ് ജെ.എസ് കഹാറിനെ കൂടാതെ ജസ്റ്റ്‌സ്. ദീപക് മിശ്ര, ജസ്റ്റിസ് ജെ. ചെല്ലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍.ബി. ലോകുര്‍, ജസ്റ്റിസ് പിനാക്കി ചന്ദ്ര ബോസ്, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ജസ്റ്റിസ് കര്‍ണ്ണനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

We use cookies to give you the best possible experience. Learn more