| Wednesday, 10th May 2017, 11:29 am

ഞാന്‍ അംബേദ്കറുടെ ദത്തുപുത്രന്‍; ഭ്രാന്താണെന്നു പറയുന്നവര്‍ എങ്ങനെയാണ് തന്നെ ജയിലിലേക്ക് അയക്കുക? മാധ്യമ നിരോധന ഉത്തരവ് റദ്ദു ചെയ്യുന്നുവെന്നും ജസ്റ്റിസ് കര്‍ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയുള്ള സുപ്രീം കോടതി ഉത്തരവ് മറ്റൊരു ഉത്തരവിലൂടെ തള്ളിയതായി ജസ്റ്റിസ് കര്‍ണന്‍. സുപ്രീം കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നു പറഞ്ഞ അദ്ദേഹം തനിക്കു ഭ്രാന്താണെന്നു പറയുന്നവര്‍ എങ്ങനെയാണ് തന്നെ ജയിലിലേക്ക് അയക്കാന്‍ ഉത്തരവിടുകയെന്നും അദ്ദേഹം ചോദിച്ചു.

“സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത് രാവിലെ 11 മണിക്കാണ്. 11.20ന് സുപ്രീം കോടതി ഉത്തരവ് തള്ളിക്കൊണ്ട് ഞാന്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കുന്ന തരത്തിലുള്ള ഒരു സ്വാതന്ത്ര്യ നിരോധന ഉത്തരവ് എങ്ങനെയാണ് അവര്‍ക്ക് പുറപ്പെടുവിക്കാന്‍ കഴിയുക.” ചെപ്പൗക്കിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍വെച്ച് കര്‍ണന്‍ മാധ്യമങ്ങളോടു പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


Don”t Miss: ദിലീപ് കുടുംബത്തിനൊപ്പം ആഘോഷത്തിലാണ്; വിമര്‍ശകര്‍ക്ക് മറുപടിയുമായി അമേരിക്കയില്‍ കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം അവധി ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ പുറത്ത് 


“ഞാന്‍ സാമൂഹ്യവിരുദ്ധനാണോ? തീവ്രവാദിയാണോ? വായമൂടിക്കെട്ടുന്ന ഉത്തരവ് എങ്ങനെയാണ് അവര്‍ക്ക് പുറത്തിറക്കാന്‍ കഴിയുക. ഇത് നിയമവിരുദ്ധമാണ്. എന്റെ ഭാഗം കേള്‍ക്കാതെ അവര്‍ എനിക്കെതിരെ ഒട്ടേറെ ഉത്തരവുകള്‍ പുറത്തിറക്കി. അറസ്റ്റിനെയോ ജയിലിനെയോ ഞാന്‍ ഭയക്കുന്നില്ല. പൊതുജനം എനിക്കൊപ്പമാണ്. ഇത് നീതിന്യായവ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയമാണ്. ഞാന്‍ തടവറകള്‍ ഇതിനകം തന്നെ കണ്ടതാണ്. ഒരു ഹൈക്കോടതി ജഡ്ജിയെന്ന നിലയില്‍ ഞാന്‍ കാരൂര്‍, ശിവഗംഗ, വിരുധുനഗര്‍, കന്യാകുമാരി ജയിലുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

ജയിലില്‍ പോകാന്‍ ഭയമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ” ഞാന്‍ നെപ്പോളിയനെപ്പോലെയാണ്. അംബേദ്കറുടെ ദത്തുപുത്രനാണ്. അവര്‍ പറയുന്നു എനിക്കു ഭ്രാന്താണെന്ന്. എനിക്കു ഭ്രാന്താണെങ്കില്‍ അവര്‍ക്ക് എങ്ങനെ എന്നെ ജയിലിലേക്ക് അയക്കാന്‍ കഴിയും? ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


Must Read: മക്കള്‍ നാണംകെടരുതെന്നു കരുതി സ്വന്തം ജോലി മറച്ചു വെച്ച അച്ഛനെ മാറോടടക്കി മൂന്ന് പെണ്‍മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ ധനികനെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയ 


രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണാന്‍ പദ്ധതിയുണ്ടോയെന്നു ചോദിച്ചപ്പോള്‍ രാഷ്ട്രപതിയോട് നേരത്തെ തന്നെ ഇക്കാര്യം പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുമായി ബന്ധപ്പെട്ട് കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ഇത് ജഡ്ജിമാരും താനും തമ്മിലുള്ള പ്രശ്‌നമല്ലെന്നും നീതിന്യായവ്യവസ്ഥയിലെ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

“സുപ്രീം കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ല. മാധ്യങ്ങളുടെ വായമൂടിക്കെട്ടിയുള്ള സുപ്രീം കോടതി ഉത്തരവ് ഞാന്‍ തള്ളുന്നു. ഇത് കേവലം ഏഴു ജഡ്ജിമാരും ഞാനും തമ്മിലുള്ള പ്രശ്‌നമല്ല. നീതിന്യായവ്യവസ്ഥയിലെ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്.” അദ്ദേഹം പറയുന്നു.

അഴിമതിക്കാരായ ജഡ്ജിമാര്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടോയെന്നു പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ അതുപോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ണന്റെ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ചൊവ്വാഴ്ച മാധ്യമങ്ങളെ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വന്തം ലെറ്റര്‍പാഡില്‍ പ്രസ്താവനയെഴുതിക്കൊണ്ട് കര്‍ണന്‍ ഇതുതാന്‍ പുറപ്പെടുവിക്കുന്ന ഉത്തരവാണെന്നു പറഞ്ഞത്.

We use cookies to give you the best possible experience. Learn more