| Wednesday, 6th January 2021, 3:59 pm

മുഖ്യമന്ത്രി കാലെടുത്തുവെച്ചാലേ ഉദ്ഘാടനം ആകൂ എന്നുണ്ടോ?; വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം: ജസ്റ്റിസ് കമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്ന സംഭവത്തില്‍ വീ ഫോര്‍ കേരളപ്രവര്‍ത്തകരെ ന്യായീകരിച്ച് ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷ. മേല്‍പാലം തുറന്നു നല്‍കിയ സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് കമാല്‍ പാഷ പറഞ്ഞു.

”ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പാലം തുറക്കാന്‍ മുഹൂര്‍ത്തം നോക്കി നില്‍ക്കുകയാണ്. പണികഴിഞ്ഞാല്‍ അതു തുറന്നു കൊടുത്തേക്കെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ തീരുന്നിടത്താണിത്.

മുഖ്യമന്ത്രി കാലെടുത്തു വെച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ. ഇന്നയാളെ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലം,” കമാല്‍ പാഷ പറഞ്ഞു.

വൈറ്റിലയിലേയും കുണ്ടന്നൂരിലെയും ജനങ്ങള്‍ പാലം തുറന്നു കൊടുക്കാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പാലം തുറന്നു നല്‍കിയിട്ടില്ല. സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സമയത്തെ വിലപേശലിന് വെച്ചിരിക്കുകയാണ് ഇതൊക്കെ.

അതുകൊണ്ടാണ് പാലം തുറന്നു കൊടുക്കാന്‍ വൈകിപ്പിക്കുന്നത്. ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജനുവരി 9ന് തുറക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

അപ്പോള്‍ പോലും കാര്യപരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. ഇടിഞ്ഞു പൊളിഞ്ഞ വഴിയില്‍ മണിക്കൂറുകള്‍ കിടന്നു വീര്‍പ്പുമുട്ടുകയാണ് ജനങ്ങളിപ്പോള്‍.

അവരുടെ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നതെന്നും കമാല്‍ പാഷ പറഞ്ഞു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോര്‍ക്കണം. പൊതുജനങ്ങളുടെ പണം, പൊതുജനങ്ങളുടെ സ്ഥലം. അതില്‍ കയറാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്.

ജനുവരി 5 ചൊവ്വാഴ്ച്ച രാത്രിയാണ് പാലം ഒരു കൂട്ടം ആളുകള്‍ തുറന്നത്.സംഭവത്തില്‍ വി ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു.

സംഭവത്തില്‍ പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.അറസ്റ്റ് ചെയ്തവര്‍ക്ക് പുറമെയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പാലത്തിലേക്ക് അതിക്രമിച്ച് കയറിയ 10 വാഹന ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനുവരി 9 നാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനയടക്കമുള്ളവ മുമ്പ് കഴിഞ്ഞിരുന്നു.

നേരത്തെയും പാലം തുറക്കുന്നതിനായി വീ ഫോര്‍ കേരള പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ജനുവരി 1 ന് പാലം തുറക്കാന്‍ എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വൈറ്റില കുണ്ടന്നൂര്‍ പാലങ്ങളുടെ പണി കഴിയേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ഭീഷണി വന്നതോടെ പാലം പണി വൈകുകയായിരുന്നു. 2017 ഡിസംബര്‍ പതിനൊന്നിനായിരുന്നു നിര്‍മ്മാണം ആരംഭിച്ചത്.

വൈറ്റില ജംക്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തില്‍ 85 കോടി രൂപ ഉപയോഗിച്ചാണ് പാലം പണി ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Justice Kamal Pasha support We for Kerala workers

We use cookies to give you the best possible experience. Learn more