| Friday, 6th December 2019, 8:38 am

തെലങ്കാന ലൈംഗികാക്രമണ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവം; പൊലീസ് നടപടിയ്‌ക്കെതിരെ കമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കമാല്‍ പാഷ. പൊലീസ് നടപടി കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്ന് കമാല്‍ പാഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ആ സംഭവത്തിലെ കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അത് വധശിക്ഷയാണ്.’

എന്നാല്‍ പൊലീസ് നടപടി ജനങ്ങള്‍ പ്രതികരിക്കുന്നതിന് തുല്യമായി പോയെന്നും കമാല്‍ പാഷ പറഞ്ഞു.

‘ആളുകളുടെ മനസാക്ഷിയ്ക്ക് സംതൃപ്തിയുണ്ടാകുമെങ്കിലും ഇത് നിയമവാഴ്ചയ്ക്ക് പരാജയമാണ്. വിചാരണ വഴി മാത്രം തെളിയിക്കേണ്ട കുറ്റമാണ്. അതുവരെ അവര്‍ കുറ്റാരോപിതര്‍ മാത്രമാണ്. പൊലീസ് ഭാഷ്യം വിശ്വസിക്കാവുന്നതല്ല.’

ഇന്ന് പുലര്‍ച്ചെയാണ് കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. തെളിവെടുപ്പിനായി ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

നവംബര്‍ 28 ന് രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഢിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more