കൊച്ചി: പൊലീസിനെ വെടിവെച്ചു എന്ന കാരണത്താല്‍ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും മാവോവാദികളെ വെടിവെച്ചു കൊന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും കമാല്‍ പാഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ആരാണ് എന്താണ് എന്നൊന്നുമറിയാതെ വെടിവെച്ചു കൊന്ന സാഹചര്യമാണ് നിലവില്‍ ഉണ്ടായിരുക്കുന്നതെന്നും നക്‌സലൈറ്റായാലും മാവോവാദികളായാലും വെടിവെച്ചു കൊല്ലാനുള്ള അധികാരം നിയമപരമായി പൊലീസിനില്ലെന്നും കമാല്‍ പാഷ പറഞ്ഞു.
പൊലീസിനെ വെടിവെക്കുകയാണെങ്കില്‍ പൊലീസിന് തിരിച്ചും വെടിവെക്കാം, അല്ലാതെ വെടിവെക്കല്‍ അനുവദനീയമല്ല. മഞ്ചക്കണ്ടിയിലെ വെടിവെപ്പില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണം. പൊലീസിന്റെ ഭാഗം മാത്രമാണ് നിലവില്‍ പുറത്തുവന്നിട്ടുള്ളതെന്നും കമാല്‍ പാഷ വ്യക്തമാക്കി.
ജൂഡീഷ്യല്‍ കമ്മീഷനില്‍ പൊലീസിനെയും ഫൊറന്‍സിക് വിദഗ്ധരെയും ഉള്‍പ്പെടുത്തിക്കൊണ്ടാവണം അന്വേഷണമെന്നും പൊലീസ് തിരിച്ചു വെടിവെക്കാന്‍ ഉണ്ടായ സാഹചര്യത്തില്‍ വ്യക്തത വേണമെന്നും കമാല്‍ പാഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഈ വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തു വരാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഒരാളെ വെടിവെച്ചു കൊല്ലാന്‍ എളുപ്പമാണ് എന്നാല്‍ അവര്‍ അത്തരത്തില്‍ കൊല്ലപ്പെടേണ്ടവരാണോ എന്ന് ആലോചിക്കണം. വിഷയത്തില്‍ കോടതി തീരുമാനമെടുക്കട്ടെ. പൊലീസിനെ മാത്രം പറയുന്നില്ല. അനിയന്ത്രിതമായ അധികാരം നല്‍കി പോയി വെടിവെക്കൂ എന്ന് പറയരുതെന്നും കമാല്‍ പാഷ പറയുന്നു.
മാവോവാദികള്‍ ചിലപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായിരിക്കുമെന്നും ആദിവാസി ഊരുകളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അപകടകരമായതാണോ എന്ന് അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.