കൊച്ചി: ടി.വി ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ നന്നായി സെന്‍സര്‍ ചെയ്യണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. നാട്ടില്‍ നടക്കുന്ന അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും സീരിയലുകള്‍ക്ക് പങ്കുണ്ട്. ചാനലുകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കമാല്‍ പാഷ അഭിപ്രായപ്പെട്ടു. കോടതി റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് എറണാകുളം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീരിയലുകളിലെ പ്രമേയങ്ങള്‍ വളരെ അപകടകരമാണ്. ഭാര്യ ഭര്‍ത്താവിനെ ചതിക്കുന്നു, ഭര്‍ത്താവ് ഭാര്യയെ ചതിക്കുന്നു, ഒളിച്ചോട്ടം, അബോര്‍ഷന്‍ എന്നിവയൊക്കെയാണ് ഇപ്പോള്‍ സീരിയലുകളിലെ പ്രമേയങ്ങള്‍. പഴയ പൈങ്കിളി സാഹിത്യത്തിന്റെ ഒന്നുകൂടി കടന്ന രൂപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സീരിയലുകള്‍ ഒരുപാട് ക്രൂരതകളാണ് കാണിക്കുന്നത്. ഭീകരസംഘടനകളെക്കുറിച്ചും ഏതോ ഭീകരനെ രക്ഷപ്പെടുത്താന്‍ കഴുത്തില്‍ കത്തിവെച്ചുകൊണ്ടിരിക്കുന്നതുമാണ്. കുഞ്ഞുങ്ങളടക്കമുള്ളവര്‍ ഇതെല്ലാം കാണുന്നത് സമൂഹത്തിനു ദോഷമാണ്. ഒരു വലിയ കലാകാരന്‍ തന്നോട് പരാതി പറഞ്ഞതുകൊണ്ടാണ് താന്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നതെന്നും ജസ്റ്റിസ് വ്യക്തമാക്കി.
കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന്റെ അതിര്‍വരമ്പുകള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ നിശ്ചയിക്കണം. വാര്‍ത്തയാക്കേണ്ടത് കേസുമായി ബന്ധപ്പെട്ട കോടതിയുടെ നിരീക്ഷണങ്ങളാണ്. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അത് വ്യക്തികളെ അപമാനിക്കുന്ന തരത്തിലാവരുതെന്നും കമാല്‍ പാഷ അഭിപ്രായപ്പെട്ടു.
നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജഡ്ജിമാര്‍ അറിഞ്ഞിരിക്കണം. ചുറ്റുംപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞാലേ നീതി നടപ്പിലാകൂ. എന്നാല്‍ നാട്ടില്‍ നടക്കുന്നതെല്ലാം വിളിച്ച് പറയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി വിധികളെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയെ വിമര്‍ശിക്കുന്നത് ജുഡീഷ്യറിക്ക് അപകടകരമാണെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.