| Wednesday, 10th October 2012, 11:19 am

സത്‌നാംസിങ്ങിന്റെ മരണത്തില്‍ ദുരൂഹത: ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്  മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത ബിഹാര്‍ സ്വദേശി സത്‌നാംസിങ്ങിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍.[]

സത്‌നാമിന് മാനസികരോഗം ഉണ്ടായിരുന്നില്ല. മാനസിക അസ്വാസ്ഥ്യം മാത്രമാണ് ഉണ്ടായിരുന്നത്. ഇങ്ങനെയൊരാള്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ കൊല്ലപ്പെട്ടത് ഖേദകരമാണെന്നും കെ.ജി.ബാലകൃഷ്ണന്‍ പറഞ്ഞു.

സത്‌നാനാം സിങ്ങിന്റെ മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണ്. മാനസിക അസ്വാസ്ഥ്യമുള്ള ആള്‍ എന്തിന് വേണ്ടിയാണ് ആശുപത്രിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നതെന്ന് അന്വേഷിക്കണമെന്നും കെ.ജി ബാലകൃഷ്ണന്‍ പറഞ്ഞു.

സത്‌നാം സിങ്ങിന്റേത് കസ്റ്റഡി മരണമാണെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സത്‌നാമിന്റെ ദേഹത്ത് 77 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പലതും മര്‍ദിക്കാന്‍ ഉപയോഗിക്കുന്ന കേബിള്‍, വടി എന്നിവ കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാതാ അമൃതാനന്ദമയി മഠത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ സത്‌നാം സിങ് രണ്ട് മാസം മുന്‍പാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

കഴുത്തിലും തലച്ചോറിലുമേറ്റ മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

We use cookies to give you the best possible experience. Learn more