Kerala News
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ ജസ്റ്റിസ് ചന്ദ്രുവും; ചിത്രങ്ങള്‍ പങ്കുവെച്ച് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 20, 05:37 pm
Sunday, 20th March 2022, 11:07 pm

കണ്ണൂര്‍: സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ ജയ് ഭീം സിനിമക്ക് കാരണമായ യഥാര്‍ത്ഥ ഹീറോ ജസ്റ്റിസ് കെ. ചന്ദ്രുവും. ചന്ദ്രുവിനോടൊപ്പം സമയം സൗഹൃദം പങ്കിട്ട ചിത്രങ്ങള്‍
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ കുറിച്ച് ജസ്റ്റിസ് ചന്ദ്രു രചിച്ച പുസ്തകം തനിക്ക് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയതെന്നും കോടിയേരി ഫേസ്ബുക്കില്‍ എഴുതി.

സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തലശ്ശേരിയില്‍ സംഘടിപ്പിച്ച ‘ജുഡീഷ്യറിയും ഭരണഘടനാ സംരക്ഷണവും’ എന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജസ്റ്റിസ് കെ. ചന്ദ്രു.

‘മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ‘ജയ് ഭീം’ എന്ന സിനിമയിലെ സഹനത്തിന്റേയും പോരാട്ടത്തിന്റേയും കഥ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടതാണ്. പ്രിയപ്പെട്ട ജസ്റ്റിസ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ വരെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ വര്‍ഗതാല്‍പ്പര്യത്തോടെ പരിഗണിക്കാന്‍ ശ്രദ്ധിച്ചു.

പാവപ്പെട്ടവരുടെയും, പിന്നാക്ക വിഭാഗക്കാരുടെയും ജീവിതത്തെ സ്പര്‍ശിക്കുന്ന നിരവധി വിധിന്യായങ്ങള്‍ അദ്ദേഹം പുറപ്പെടുവിച്ചു. ഒരു ജഡ്ജി തന്റെ കരിയറില്‍ ശരാശരി 10,000 മുതല്‍ 20,000 കേസുകള്‍ വരെ തീര്‍പ്പാക്കുമ്പോള്‍, ജസ്റ്റിസ് ചന്ദ്രു അദ്ദേഹം ജഡ്ജിയായിരുന്ന ആറര വര്‍ഷത്തിനിടയില്‍ 96,000 കേസുകള്‍ക്ക് തീര്‍പ്പുണ്ടാക്കി,’ കോടിയേരി ബാലകൃഷണന്‍ ഫേസ്ബുക്കില്‍ എഴുതി.

CONTENT HIGHLIGHTS:  Justice K Chandru to be part of CPI (M) 23rd Party Congress