| Thursday, 4th November 2021, 11:18 am

ഭാവി നയങ്ങളിലും പദ്ധതികളിലും ഇരുളന്‍മാരെ കൂടി ഉള്‍പ്പെടുത്താന്‍ 'ജയ് ഭീം' സഹായിക്കും; ചിത്രത്തെ കുറിച്ച് ജസ്റ്റിസ് ചന്ദ്രു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മ്മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്.

പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കണി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

1993-95 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹൈക്കോടതി ജഡ്ജിയായി റിട്ടേയ്ഡ് ചെയ്ത ജസ്റ്റിസ് ചന്ദ്രു എഴുതിയ Listen to my Case എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

അഭിഭാഷകനായും ജഡ്ജിയായും പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ നടത്തിയ നിര്‍ണായകമായ 20 കേസുകളും അതിന്റെ വിധിയുമാണ് പുസ്തകത്തിന് ആധാരം. കോടതിയില്‍ നീതി തേടിയെത്തിയ 20 സ്ത്രീകളുടെ കഥ കൂടിയാണ് ഈ പുസ്തകം പറയുന്നത്.

നിര്‍ണായകമായ കേസുകളിലൂടെയും വിധികളിലൂടെയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ചന്ദ്രു. തമിഴ്നാട്ടിലെ സി.പി.ഐ.എം പ്രവര്‍ത്തകരില്‍ ഒരാളായ ചന്ദ്രു, വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധേയനായിരുന്നു.

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ചന്ദ്രു. സിനിമയെ കുറിച്ച് എന്താണ് താങ്കള്‍ കേള്‍ക്കുന്നത് എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയ ചര്‍ച്ച വിവിധ ശ്രേണികളില്‍ നടക്കുന്നുണ്ടെന്നും നായകന്‍ ദളിതനോ ഗോത്രവര്‍ഗക്കാരനോ അല്ലാത്തതും പോരാട്ടത്തെ ലളിതമായി ചിത്രീകരിക്കുന്നതും ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ ചിലര്‍ അസന്തുഷ്ടരാണെന്നും എന്നാല്‍ ഇതെല്ലാം ബുദ്ധിശൂന്യമായ വാദങ്ങളാണെന്നുമായിരുന്നു ചന്ദ്രുവിന്റെ പ്രതികരണം.

സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഇരുളര്‍ സംഘടനയ്ക്ക് നിര്‍മ്മാതാക്കള്‍ ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. രണ്ടാമത്തെ കാര്യം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ചിത്രത്തെ കുറിച്ച് പ്രതികരിച്ചുവെന്നതാണ്. സിനിമ തന്നെ അസ്വസ്ഥനാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ, ഇത് യുവാക്കളേയും വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നതാണ്. ഇത്തരം സംഭവങ്ങളെല്ലാം ഇവിടെ നടന്നിട്ടുണ്ടെന്ന അറിയില്ലെന്നായിരുന്നു പലരും പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ സിനിമ ആരുമറിയാതെ പോകുമായിരുന്ന ചില കാര്യങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. ഇരുളര്‍മാരെ സംബന്ധിച്ച് അവര്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു എന്നതാണ്. ഭാവി നയങ്ങളിലോ പദ്ധതികളോ അവരെക്കൂട്ടി ഉള്‍പ്പെടുത്താന്‍ ഇത് സഹായിക്കും.

ദേശീയ തലത്തില്‍ ജുഡീഷ്യറി നേരിടുന്ന വിശ്വാസ്യതാ പ്രശ്നത്തെ ഉയര്‍ത്തിക്കാണിക്കാന്‍ ‘ജയ് ഭീം’ ശ്രമിച്ചതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയില്ലെന്ന സന്ദേശമാണ് സിനിമ നല്‍കുന്നതെന്ന തരത്തിലുള്ള ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടെന്നും എന്നാല്‍ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു ചന്ദ്രുവിന്റെ പ്രതികരണം.

ഒരു മനുഷ്യന് ദാഹിച്ചാല്‍ ഉടന്‍ ഒരു ഗ്ലാസ് വെള്ളം കൊടുക്കുകയാണ് ചെയ്യുക. അല്ലാതെ നിങ്ങള്‍ക്ക് ധാരാളം വെള്ളം നല്‍കാന്‍ ഒരു പദ്ധതി വരുമെന്ന് നമ്മള്‍ അവരോട് പറയുകയല്ല ചെയ്യുന്നത്. പ്രശ്നങ്ങളില്‍ ഉടനടി ശ്രദ്ധ പതിപ്പിക്കുക എന്നതാണ് പ്രധാനം, ചന്ദ്രു പറഞ്ഞു.

ചിത്രത്തില്‍ സെന്‍ഗിണിക്കൊപ്പം ഒരു ഇടതുപക്ഷ പാര്‍ട്ടി പോരാടുന്നതായി കാണിക്കുന്നു. താഴെത്തട്ടില്‍ മറ്റ് പാര്‍ട്ടികള്‍ ഒരു പങ്കും വഹിക്കുന്നില്ല എന്നാണോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ കരുതുന്നില്ലെന്നായിരുന്നു ചന്ദ്രുവിന്റെ മറുപടി. അത് ഒരു പാര്‍ട്ടിയുടെ പ്രശ്‌നമല്ല. ഒരുപക്ഷേ, ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ കാര്യങ്ങളില്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധരായിരിക്കും. അതിനാല്‍ അവരുടെ വിസിബിലിറ്റിയും കൂടുതലായിരിക്കും. മുഖ്യധാരാ പാര്‍ട്ടികളും അവരുടെ നേതാക്കളും ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോധപൂര്‍വമായ ഒരു അവഗണന ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ചന്ദ്രു പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: justice k chandru about jai Bhim Movie

We use cookies to give you the best possible experience. Learn more