| Wednesday, 3rd July 2019, 11:11 am

മഹാരാഷ്ട്രയിലെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ പരിഗണിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പിന്മാറി.

സംസ്ഥാനത്തിന് പുറത്ത് കശാപ്പു ചെയ്ത ബീഫ് കൈവശംവെക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന 2016 മെയ് ആറിലെ ബോംബെ ഹൈക്കോടതി വിധിയ്‌ക്കെതിരായ അപ്പീലുകള്‍ പരിഗണിക്കുന്നതില്‍ നിന്നാണ് ഇന്ദു മല്‍ഹോത്ര പിന്മാറിയത്.

ഇതേത്തുടര്‍ന്ന് ജസ്റ്റിസ് എ.എം സാപ്ര അധ്യക്ഷനായ ബെഞ്ച് കേസ് മറ്റേതെങ്കിലും ബെഞ്ചിന് കൈമാറാന്‍ ചീഫ് ജസ്റ്റിസിനു വിട്ടു. ഇന്ദുമല്‍ഹോത്ര നേരത്തെ ഈ കേസില്‍ അഭിഭാഷകയായെത്തിയിരുന്നു.

വിവിധ വ്യക്തികളും സംഘടനകളും നല്‍കിയ 33 ഹരജികളാണ് ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ഹരജിയില്‍ 2016 ആഗസ്റ്റ് 17ന് സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു. ബീഫ് കൈവശംവെക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന മഹാരാഷ്ട്ര മൃഗസംരക്ഷണ നിയത്തിന്റെ ചട്ടം സ്വകാര്യതയുടെ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു മെയ് ആറിലെ ഹൈക്കോടതി വിധി.

We use cookies to give you the best possible experience. Learn more