| Friday, 27th July 2018, 12:31 pm

ഡബ്ല്യു.സി.സിയുടെ പ്രതികരണത്തില്‍ അതൃപ്തിയറിയിച്ച് ഹേമ കമ്മീഷന്‍; ചോദ്യാവലിയോട് സഹകരിച്ചില്ലെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡബ്ല്യു.സി.സിയുടെ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട ഹേമ കമ്മീഷനോട് ഡബ്ല്യു.സി.സി പ്രതികരിക്കുന്നില്ലെന്നാണ് പരാതി.

ഡബ്ല്യു.സി.സി അംഗങ്ങളായ 30 പേര്‍ക്ക് കമ്മീഷന്‍ 15 ഇനങ്ങളടങ്ങുന്ന ചോദ്യാവലി നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് പ്രതികൂലമായ പ്രതികരണമാണ് ഉണ്ടായതെന്നാണ് കമ്മീഷന്റെ ആരോപണം. ജൂലായ് പത്തിനകം പൂരിപ്പിച്ചു നല്‍കണമെന്നു നിര്‍ദ്ദേശിച്ചിരുന്ന ചോദ്യാവലി ഒരാള്‍ പോലും നിര്‍ദ്ദിഷ്ട സമയത്തിനകം പൂരിപ്പിച്ചു നല്‍കിയില്ലെന്നും അതിനു ശേഷം പത്തു ദിവസം കൂടി സമയം നീട്ടി നല്‍കിയപ്പോഴാണ് പത്തു പേര്‍ ചോദ്യാവലി പൂര്‍ത്തീകരിച്ച് തിരികെ ഏല്‍പ്പിച്ചതെന്നും ആരോപണമുണ്ട്.


Also Read: ഹനാന് പിന്നാലെ എം.സി ജോസഫൈന് നേരെയും സൈബര്‍ ആക്രമണം


ലഭിച്ച ചോദ്യാവലി ഉപയോഗിച്ച് മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും വിഷയത്തില്‍ ഉടന്‍ തന്നെ ഡബ്ല്യു.സി.സിയുമായി ചര്‍ച്ച നടത്തുമെന്നും ഹേമ കമ്മീഷന്‍ അറിയിച്ചു. പ്രതികരണത്തിലെ അതൃപ്തി അറിയിച്ചുകൊണ്ട് സംഘടനയ്ക്ക് കമ്മീഷന്‍ ഇ-മെയില്‍ അയച്ചിട്ടുണ്ട്.

രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ബീനാ പോള്‍ തുടങ്ങിയവര്‍ ചോദ്യാവലിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു പഠിച്ച് പരിഹാരം കാണാന്‍ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ ഹേമ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ആറു മാസത്തിനു ശേഷവും കമ്മീഷന്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിച്ചില്ലെന്നു കാണിച്ച് സംഘടന മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more