സരിതയുടെ സാരി പിടിച്ചെടുക്കേണ്ടതല്ലേയെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്
Kerala
സരിതയുടെ സാരി പിടിച്ചെടുക്കേണ്ടതല്ലേയെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2014, 3:15 pm

[]തിരുവനന്തപുരം: ##സോളാര്‍ കേസിലെ പ്രതി സരിത നായര്‍ ഉപയോഗിച്ച സാരി പിടിച്ചെടുക്കേണ്ടേയെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്. തട്ടിപ്പ് പണം ഉപയോഗിച്ചല്ലേ സരിത സാരി വാങ്ങിയതെന്നും ഇദ്ദേഹം ചോദിച്ചു.

പൗരന്‍ എന്ന നിലയിലാണ് താന്‍ ഇന്നലെ അഭിപ്രായം പറഞ്ഞതെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പറഞ്ഞു.

സരിത ജയിലില്‍ ബ്യൂട്ടീഷ്യനെ ഏര്‍പ്പെടുത്തിയോ എന്നും സരിതക്ക് എത്ര സാരിയുണ്ടെന്നും ഇത് എവിടെനിന്നാണ് ലഭിക്കുന്നതെന്നും ഇദ്ദേഹം ഇന്നലെ ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി, കളമശേരി ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ പരാമര്‍ശം.

ഓരോതവണ ജയിലിന് പുറത്തിറങ്ങുമ്പോഴും വിലകൂടിയ സാരികള്‍ ധരിച്ചരീതിയിലാണ് സരിതയെ ദൃശ്യമാധ്യമങ്ങളിലൂടെ കാണുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്രയും സാരികള്‍ പൊലീസ് വാങ്ങിക്കൊടുക്കുന്നതാണോയെന്നും സരിതക്കുവേണ്ടി പ്രത്യേകമായി ബ്യൂട്ടീഷ്യനെ വെച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

വസ്ത്രധാരണ കാര്യത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സരിതയെ സാധാരണ വസ്ത്രം ധരിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

അതേസമയം വിചാരണത്തടവുകാരായി ജയിലിലുള്ള പ്രതികള്‍ക്ക് അവരുടെ സ്വന്തം വസ്ത്രങ്ങള്‍ അകത്തേക്ക് കൊണ്ടുപോകാനും പുറത്ത് കൊണ്ടുപോകുമ്പോള്‍ അത് ധരിക്കാനും അവകാശമുണ്ടെന്ന് സര്‍ക്കാറിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.എ. മുഹമ്മദ് ഷാ പറയുകയും ചെയ്തു.