കൊച്ചി: സംഘപരിവാര്‍ സംഘടനയായ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള മുരിയമംഗലം ശ്രീ നരസിംഹ സ്വാമി ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രത്തില്‍ നടത്താനിരുന്ന ഭാഗവത സത്രത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പങ്കെടുക്കില്ല. ക്ഷേത്ര കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പങ്കെടുക്കുമെന്ന് അറിയിച്ച് പുറത്തിറക്കിയ പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള പ്രോട്ടോകോള്‍ ക്ലിയറന്‍സ് ലഭിക്കുന്നതിന് മുമ്പ് പ്രിന്റ് ചെയ്തതാണെന്ന് നേരത്തെ ക്ഷേത്ര കമ്മിറ്റി അറിയിച്ചിരുന്നെങ്കിലും അത് പിന്നീട് പിന്‍വലിച്ചിരുന്നു.
ഇപ്പോള്‍ പുതിയ വിശദീകരണത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് പ്രോട്ടോകോള്‍ ക്ലിയറന്‍സ് ലഭിച്ചില്ല എന്ന് അറിയിച്ചതിനാല്‍ പരിപാടി മറ്റൊരാള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡൂൾന്യൂസ് നൽകിയ വാർത്ത വിവാദമായതിന് പിന്നാലെയാണ് ക്ഷേത്ര കമ്മിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്.
ദേവന്‍ രാമചന്ദ്രന് പകരം മള്ളിയൂര്‍ തിരുമേനി ഭാഗവത സത്രം ഉദ്ഘാടനം ചെയ്യുമെന്നും കമ്മിറ്റി അറിയിച്ചു. ഡിസംബര്‍ 29 മുതല്‍ ആരംഭിക്കാനിരുന്ന പരിപാടിയിലേക്കാണ് സമിതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ ക്ഷേത്രസംരക്ഷണ സമിതി ക്ഷണിച്ചത്.
ക്ഷേത്രത്തിന് സമീപത്തായി ദേവന്‍ രാമചന്ദ്രന്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സമിതി പോസ്റ്ററുകളും ഫ്ളക്സുകളും സ്ഥാപിച്ചിരുന്നു. പരിപാടിയുടെ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു എന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയും പലരും വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് ഡൂള്‍ന്യൂസ് നല്‍കിയ വാര്‍ത്തയും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ ഏതാനും ചില മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെയാണിപ്പോള്‍ ക്ഷേത്ര കമ്മിറ്റി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.