| Tuesday, 26th October 2021, 11:17 am

രാജാക്കന്മാരാണെന്ന തോന്നല്‍ പൊലീസുകാര്‍ക്ക് ഉണ്ടാകരുത്: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പൊലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

രാജാക്കന്മാരാണെന്ന തോന്നല്‍ പൊലീസുകാര്‍ക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

” പൊലീസ് മാറണം. മാറേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. അതില്‍ യാതൊരു സംശയവും വേണ്ട. ആ ഫോഴ്സിന്റെ നിലനില്‍പ്പ് എന്നു പറയുന്നത് മാറ്റത്തിലൂടെ മാത്രമാണ്.

മാറാതെ ഒരു കാരണവശാലും ഈ ഫോഴ്സിന് മുന്നോട്ടുപോകാന്‍ പറ്റില്ല. തെറ്റു ചെയ്താല്‍ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് ബുദ്ധിമുട്ട് വരില്ലെന്നും പറയുന്ന കാലത്തു മാത്രമേ നമ്മുടെ ഫോഴ്സുകള്‍ ശരിയാകൂ. പരമാധികാര റിപ്പബ്ലിക് എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരനുമാണ്. അത് നിങ്ങളുമാകാം,” ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ചില പൊലീസ് സ്റ്റേഷന്‍ മാത്രം ജനമൈത്രി സ്റ്റേഷന്‍ ആകുന്നത് തെറ്റാണെന്നും എല്ലാ പൊലീസ് സ്റ്റേഷനും ജനമൈത്രി ആകണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് പൊലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റു ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Justice Devan Ramachandran about police

We use cookies to give you the best possible experience. Learn more