| Thursday, 4th October 2018, 11:22 pm

നജ്മല്‍ ബാബുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ചത് ഹൈക്കോടതിയുടെ നിലവിലുള്ള ഉത്തരവ് മറികടന്നുകൊണ്ടാണെന്ന് വെളിപ്പെടുത്തല്‍. നജ്മല്‍ ബാബുവിന് സംഭവിച്ചത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത്ലീഗ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് കോടതി ഉത്തരവ് നിലനില്‍ക്കുന്നതായി പറയുന്നത്.

തന്റെ മൃതദേഹം ഇസ്ലാമിക ആചാര പ്രകാരം ചേരമാന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കണമെന്ന് രേഖാമൂലം നജ്മല്‍ ആവശ്യപ്പെട്ടിരുന്നു. മരണമടയുമ്പോള്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ കബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പള്ളിക്കമ്മിറ്റിക്കാര്‍ക്കു നേരത്തേ അദ്ദേഹം അപേക്ഷയും സമര്‍പ്പിച്ചിരുന്നു. സുഹൃത്തുക്കള്‍ നജ്മല്‍ ബാബുവിന്റെ കുടുംബവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കുടുംബം വഴങ്ങിയിരുന്നില്ല.

നേരത്തെ കൊടുങ്ങല്ലൂരില്‍ ഇ.സി സൈമണ്‍ മാസ്റ്റര്‍ എന്ന വ്യക്തി മരണപ്പെട്ടപ്പോഴും ഇസ്ലാമിക ആചാരപ്രകാരം ഖബറടക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായാണ് സംഭവിച്ചിരുന്നത്.

സൈമണ്‍ മാസ്റ്ററുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്ന് ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തിയ അബൂത്വാലിബ് എന്ന വ്യക്തിയാണ് കോടതിയെ സമീപിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തത്.

ഇതേ തുടര്‍ന്ന് പ്രസ്തുത കേസില്‍ (wp(c).no.6403 of 2018) ഹൈക്കോടതി ജഡ്ജിമാരായ സി.ടി രവികുമാറും ജസ്റ്റിസ് എ.എം ബാബുവും പുറപ്പെടുവിച്ച ഉത്തരവില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്നുമാസത്തിനകം നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നജ്മല്‍ ബാബുവിന്റെ കാര്യത്തില്‍ സൈമണ്‍ മാസ്റ്ററെ പോലെ തന്നെ നീതി നിഷേധം സംഭവിച്ചിരിക്കുകയാണ്.

ഇ.സി സൈമണ്‍ മാസ്റ്റര്‍

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്.

കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് മനുഷ്യാവകാശകൂട്ടായ്മയുടെയും സാംസ്‌ക്കാരികപ്രവര്‍ത്തകരുടെയും എതിര്‍പ്പ് വകവെക്കാതെ പൊലീസിനെ ഉപയോഗിച്ച് നജ്മല്‍ബാബുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചത്. ഇത് ആര്ട്ടിക്ക്ള്‍ 21ന്റെയും 25ന്റെയും ലംഘനമാണ്. കൂടാതെ കോടതിയലക്ഷ്യവുമാണ്. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മാത്രമല്ല മരിക്കാനുള്ള അവകാശമുണ്ടെന്ന് പല വിധിന്യായത്തിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ എങ്ങിനെ നടത്തണമെന്ന് ഒരാള്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് നടത്താനുള്ള ഉത്തരവാദിത്തം സ്റ്റേറ്റിനാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണത്. ആ അവകാശം പോലും സര്‍ക്കാര്‍ വകവെച്ചു നല്‍കിയില്ലെന്നും മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഫേസ്ബുക്കിലൂടെയും വിമര്‍ശനമുന്നയിച്ചു.

മരണ ശേഷം പള്ളിയില്‍ ഖബറടക്കണമെന്ന നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തെ പോലീസിനെ ഉപയോഗിച്ച് സ്റ്റേറ്റാണ് എതിര്‍ത്തത്. അതായത് യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയില്‍ ലഭിക്കുന്ന അവകാശം പോലും പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ ഇല്ലാതായിരിക്കുകയാണെന്നും ഫിറോസ് ചൂണ്ടിക്കാണിക്കുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ചികിത്സയിലിരിക്കെ ടി.എന്‍ ജോയ് മരണപ്പെടുന്നത്. 1970 കളില്‍ നക്സല്‍ പ്രസ്ഥാനത്തില്‍ സജീവമായിരുന്നയാളാണ് ടി.എന്‍ ജോയ്. കൊടുങ്ങല്ലൂരിലെ കമ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടില്‍ നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മകനായി 1955 ലാണ് ടി.എന്‍ ജോയിയുടെ ജനനം. സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തവാദിയുമായിരുന്ന പിതാവാണ് ടി.എന്‍.ജോയിക്ക് പേരിട്ടിരുന്നത്.

അടിയന്തരാവസ്ഥ കാലത്ത് ജയിലിലായ അദ്ദേഹം അടിയന്തരാവസ്ഥക്ക് ശേഷം സി.പി.ഐ.എം.എല്‍ വിടുകയും മറ്റ് സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2015ല്‍ ഇസ്ലാം മതം സ്വീകരിച്ച ടി.എന്‍ ജോയ് തന്റെ പേര് നജ്മല്‍ ബാബു എന്നു മാറ്റുകയായിരുന്നു.

We use cookies to give you the best possible experience. Learn more