ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിലെ ജാതി അതിക്രമങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
നീതി നിഷേധിക്കപ്പെട്ടെന്നും നക്‌സലാവാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ദളിത് യുവാവ് കത്ത് അയച്ചതിനെ തുടര്‍ന്നാണ് നടപടി.
പ്രദേശത്തെ മണല്‍ മാഫിയ സംഘത്തെ ചോദ്യം ചെയ്ത തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് തല മുണ്ഡനം ചെയ്‌തെന്നും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയെന്നുമായിരുന്നു ദളിത് യുവാവായ പ്രസാദ് കത്തില്‍ പറഞ്ഞത്. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട ഫയല്‍ സംസ്ഥാന സര്‍ക്കാരിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന് കൈമാറാന്‍ രാഷ്ട്പതിയുടെ ഓഫീസ് നിര്‍ദേശിച്ചു.
കേസുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി അസിസ്റ്റന്റ് സെക്രട്ടറി ജനാര്‍ദ്ദന്‍ ബാബുവിനെ കാണാനും രാഷ്ട്രപതി ഓഫീസ് പ്രസാദിന് നിര്‍ദേശം നല്‍കി.
കിഴക്കന്‍ ഗോദാവരി ജില്ലയിലെ സീതനഗരം പൊലീസ് സ്റ്റേഷനില്‍ വെച്ച് ഞായറാഴ്ച രാത്രിയാണ് പ്രസാദിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തലമുണ്ഡനം ചെയ്തത്. പ്രദേശത്തെ വൈ.എസ്.ആര്‍.സി.പി നേതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.
വൈ.എസ്.ആര്‍.സി.പി നേതാവിന്റെ ട്രക്ക് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പെക്ടറെയും കോണ്‍സ്റ്റബിളിനെയും സസ്പെന്‍ഡ് ചെയ്യുകയും പ്രസാദിനെതിരെ കേസെടുക്കുകയുമായിരുന്നു.
ബന്ധുവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനിടെ ഒരു ട്രക്ക് തന്റെ വസതിക്ക് സമീപമുള്ള ചെറിയ റോഡിലൂടെ പോകാന്‍ ശ്രമിച്ചതാണ് സംഭവത്തിന്റെ തുടക്കമെന്ന് പ്രസാദ് പറഞ്ഞു.
‘ഞാനും മറ്റ് മൂന്ന് പേരും മണല്‍ ലോറി തടഞ്ഞു. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റുന്നതുവരെ കുറച്ച് സമയം കാത്തിരിക്കാന്‍ ഞങ്ങള്‍ ട്രക്ക് ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. ഇത് തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു,’ പ്രസാദ് പറഞ്ഞു.
പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ സ്വാധീനത്തിലുള്ള മണല്‍ക്കടത്ത് സംഘത്തിന്റേതാണ് ട്രക്കെന്നും പ്രസാദ് പറഞ്ഞു.
സംഭവശേഷം സബ് ഇന്‍സ്‌പെക്ടര്‍ ഷെയ്ക്ക് ഫിറോസ് ഷായും മറ്റ് രണ്ട് കോണ്‍സ്റ്റബിള്‍മാരും തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥന്‍ ബാര്‍ബറെ വിളിച്ചുവരുത്തുകയും തന്റെ തല മൊട്ടയടിക്കുകയും മീശയെടുക്കുകയുമായിരുന്നു എന്നാണ് പ്രസാദ് പറഞ്ഞത്. ക്രൂരമര്‍ദ്ദനത്തിന് താന്‍ വിധേയനായെന്നും നീതി നിഷേധിക്കപ്പെട്ടെന്നും പ്രസാദ് പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് നടക്കുന്നത് ജംഗിള്‍രാജ് ആണെന്ന് പ്രതിപക്ഷ നേതാവ് എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞു. വൈ.എസ്.പി നേതാക്കളാണ് ഇതിനെല്ലാം പിന്നില്‍. പൊലീസുകാരുടെ കൂടി സാന്നിധ്യത്തിലാണ് ഇത് നടന്നിരിക്കുന്നിരിക്കുന്നത്. പ്രസാദ് എന്ന യുവാവ് ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായത്. പ്രദേശത്തെ അനധികൃത മണല്‍ ഖനനം ചോദ്യം ചെയ്ത ദളിത് യുവാവിന്റെ ആത്മാഭിമാനത്തെയാണ് അവര്‍ ചോദ്യം ചെയ്തതെന്നും ചന്ദ്രബാബു നായിഡു പ്രതികരിച്ചു.