ഹൈദരാബാദ്: 2007ല്‍ നടന്ന മക്ക മസ്ജിദ് സ്ഫോടനക്കേസിലെ വിധി നിരാശാജനകമെന്ന് കേസില്‍ സാക്ഷിയായ മുഹമ്മദ് ഇര്‍ഫാന്‍. കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നീതി നിഷേധിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
2007ലെ സ്‌ഫോടനത്തില്‍ മുഹമ്മദ് ഇര്‍ഫാനാണ് രണ്ടാമത്തെ ബോംബ് കണ്ടെത്തിയതും ബോംബ് സ്‌ക്വാഡിന് വിവരം കൈമാറിയതും. “നീതി വൈകിയാലും നിഷേധിക്കപ്പെടുകയില്ല എന്ന ഇംഗ്ലീഷ് ചൊല്ലാണ് ഇന്നത്തെ വിധിയില്‍ എനിക്കോര്‍മ വന്നത്. പക്ഷെ, ഇന്ന് നീതി വൈകുകയും നിഷേധിക്കപ്പെടുകയുമാണ് സംഭവിച്ചിരിക്കുന്നത്”, അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
ഇന്നത്തെ വിധി രാജ്യത്തിന് അപമാനമാണെന്നും ഇര്‍ഫാന്‍ പ്രതികരിച്ചു. “ജുഡീഷ്യറിയില്‍ ഇപ്പോഴും വിശ്വാസമുണ്ട്. എന്‍.ഐ.എക്കാള്‍ ഉയര്‍ന്ന കോടതികള്‍ കേസ് കൈകാര്യം ചെയ്യും. അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ഉടന്‍ പിടിയിലാകും”, ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: മക്ക മസ്ജിദ് സ്‌ഫോടനം: വിധി പ്രഖ്യാപിച്ച ജഡ്ജി രവിന്ദര്‍ റെഡ്ഡി രാജി വച്ചു
2007 മെയ് 18 ലാണ് ഹൈദരാബാദിലെ പ്രമുഖ മുസ്ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്ഫോടനം നടത്തിയത്. വെള്ളിയാഴ്ച ജുമുഅക്ക് എത്തിയ ഒന്‍പത് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിന് ശേഷം കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. പിന്നീടാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്.
ഇന്ന് ഉച്ചയ്ക്കാണ് 2007ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴുവന്‍ കുറ്റാരോപിതരെയും വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവ് പുറത്തുവന്നത്. എന്‍.ഐ.എ കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി പറഞ്ഞത്. ഹിന്ദുത്വ സംഘടനകളിലുള്‍പ്പെട്ട 10 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും അവരില്‍ അഞ്ച് പേര്‍ മാത്രമേ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തിട്ടുള്ളൂ. സ്വാമി അസീമാനന്ദ എന്ന നബ കുമാര്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയമാക്കിയത്.
മക്ക മസ്ജിദിലെ ആദ്യ സ്‌ഫോടനത്തിനു പിന്നാലെയാണ് രണ്ടാമത്തെ ബോംബ് ഇര്‍ഫാന്‍ കണ്ടെത്തുന്നതും സ്‌ക്വാഡിന് കൈമാറിയതും. ഇൗ ഇടപെടലിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അദ്ദേഹത്തിന് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
Watch DoolNews Video: