“മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നല്ല യോഗ്യതയുള്ള ജഡ്ജി” എന്നാണ് ചെലമേശ്വര്‍ ജോസഫിനെ വിശേഷിപ്പിച്ചത്. ഇത്തരമൊരാളെ ഒഴിവാക്കിയ കൊളീജിയം നടപടി അനാരോഗ്യകരമാണെന്ന് അദ്ദേഹം വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.
ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയ നടപടി വിവാദമായിരുന്നു. മോദിസര്‍ക്കാറിന് കനത്ത തിരിച്ചടിയായ ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കി വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് കെ.എം ജോസഫായിരുന്നു.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ നടപടിക്കെതിരെ കൊളീജിയത്തിലെ അംഗമായ ജസ്റ്റിസ് ചെലമേശ്വര്‍ രേഖാമൂലം വിയോജിപ്പ് അറിയിച്ചു.
മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത യോഗ്യതയും പ്രാപ്തിയുമുള്ള മികച്ച ജഡ്ജിയായ ജസ്റ്റിസ് ജോസഫിനെ പുതിയ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ നയിക്കുന്ന കൊളീജിയം ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിയോജനക്കുറിപ്പില്‍ ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി.
“മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നല്ല യോഗ്യതയുള്ള ജഡ്ജി” എന്നാണ് ചെലമേശ്വര്‍ ജോസഫിനെ വിശേഷിപ്പിച്ചത്. ഇത്തരമൊരാളെ ഒഴിവാക്കിയ കൊളീജിയം നടപടി അനാരോഗ്യകരമാണെന്ന് അദ്ദേഹം വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീണ്‍ സിന്‍ഹ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണ കൗള്‍, ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍, കര്‍ണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരെയാണ് ചീഫ് ജസ്റ്റിസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ നടപടിയിലൂടെയാണ് ജസ്റ്റിസ് ജോസഫ് വാര്‍ത്തകളില്‍ ഇടംനേടിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ലജ്ജം കള്ളം പറഞ്ഞുവെന്നും സുപ്രീംകോടതി നിഷ്‌കര്‍ഷിച്ച നിയമത്തിന് വിരുദ്ധമായിട്ടാണ് രാഷ്ട്രപതി ഭരണത്തിനുള്ള ഭരണഘടനയുടെ 356ാം അനുച്ഛേദം കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ പ്രയോഗിച്ചതെന്നും വിമര്‍ശിച്ചാണ് മലയാളിയായ ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയത്.
മോദി സര്‍ക്കാറിനെതിരായ വിധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കൊളീജിയം ജസ്റ്റിസ് ജോസഫിനെ സ്ഥലംമാറ്റിയെങ്കിലും അതിന് അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ജോസഫ് ഉത്തരാഖണ്ഡില്‍തന്നെ തുടര്‍ന്നത്.