| Thursday, 12th April 2018, 1:51 pm

24 മണിക്കൂറിനകം തന്റെ മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല ; ചീഫ് ജസ്റ്റിസിനെതിരെ തുറന്നടിച്ച് ചെലമേശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. 24 മണിക്കൂറിനകം തന്റെ മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചെലമേശ്വര്‍ ഹരജി പരിഗണിക്കാന്‍ വിസ്സമതിച്ചത്.

മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുന്‍പ് തന്റെ വിധി റദ്ദാക്കിയത് സൂചിപ്പിച്ചുകൊണ്ടാണ് ചെലമേശ്വറിന്റെ പരാമര്‍ശം.


Dont Miss ബാര്‍കോഴ; വിജിലന്‍സ് അഭിഭാഷകനായി കോടതിയില്‍ തര്‍ക്കം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശമിടിഞ്ഞു വീഴുമോ എന്ന് കോടതി


ചീഫ് ജസ്റ്റിസിന്റെ അധികാരം മുതിര്‍ന്ന ജഡ്ജിമാരുമായി പങ്കിടണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണായിരുന്നു സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്.

ശാന്തിഭൂഷന്റെ മകന്‍ പ്രശാന്ത് ഭൂഷനാണ് കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസിനെതിരായ ഹരജി ആയതിനാല്‍ സുപ്രീം കോടതിയിലെ രണ്ടാമനായ ജസ്റ്റിസ് ചെലമേശ്വറിന്റെ കോടതിയിലാണ് ഉന്നയിച്ചത്. അപ്പോഴായിരുന്നു തന്റെ വിധി 24 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് കാണാന്‍ ആഗ്രഹമില്ലെന്ന പരാമര്‍ശത്തോടെ ചെലമേശ്വര്‍ ഹരജി പരിഗണിക്കാന്‍ വിസ്സമതിച്ചത്.

ഹര്‍ജി പരിഗണിക്കാന്‍ ചെലമേശ്വര്‍ വിസമ്മതിച്ചതോടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വിഷയം ഉന്നയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.

അടുത്തിടെയായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നാല് മുതിര്‍ന്ന ജസ്റ്റിസുമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് പത്രസമ്മേളനം നടത്തിയത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു പ്രതിഷേധം നടന്നത്.

ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ തുറന്ന കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെ ജസ്റ്റിസ് ചെലമേശ്വര്‍ വിമര്‍ശനം ഉന്നയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more