| Thursday, 29th March 2018, 8:13 am

കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യറിയില്‍ അനധികൃതമായി ഇടപെടുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ചെലമേശ്വറിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാറിന്റെ അനധികൃത ഇടപെടല്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തെഴുതി. ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നു എന്നും കൊളീജിയം തീരുമാനങ്ങള്‍ അവഗണിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടേയും യോഗം(ഫുള്‍ കോര്‍ട്ട്) വിളിക്കണമെന്ന് ചെലമേശ്വര്‍ കത്തില്‍ പറയുന്നു. 5 പേജുകളുള്ള ഈ കത്തിന്റെ കോപ്പി സുപ്രീം കോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും അയച്ചിട്ടുണ്ട്.

കര്‍ണാടക പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. കൃഷ്ണഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കണമെന്ന് കൊളീജിയം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നര്‍കിയിരുന്നു. ഈ ശുപാര്‍ശ കേന്ദ്രം തള്ളിയതിനെ തുടര്‍ന്ന് കൊളീജിയം വീണ്ടും ഇതേ ശുപാര്‍ശ അയച്ചു. എന്നാല്‍ അതും കേന്ദ്രം തള്ളി. തുടര്‍ന്ന് കൃഷ്ണഭട്ടിനെതിരെ മറ്റൊരു ജഡ്ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര നിയമ മന്ത്രാലയം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നേരിട്ട് ആവശ്യപ്പെട്ടു. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്ന് 2016ല്‍ തന്നെ കര്‍ണാടക ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.


Also Read: കര്‍ണാടകയില്‍ 15 ലക്ഷം മുസ്ലിങ്ങള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്; പിന്നില്‍ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്


ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.കെ.ജോസഫിനേയും സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്രയേയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്ന കൊളീജിയം ശുപാര്‍ശയും സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല.

ഈ സംഭവങ്ങളെ മുന്‍നിറുത്തി കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ ഉചിതമല്ലെന്ന് ചെലമേശ്വര്‍ കത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ ഇടപെടലും സമീപന രീതിയും ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും ചെലമേശ്വര്‍ വാദിക്കുന്നു.

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കാന്‍ ഒപ്പു ശേഖരണം നടക്കുന്ന സാഹചര്യത്തിലാണ് ചെലമേശ്വറിന്റെ ഈ കത്ത്. നേരത്തെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചെലമേശ്വറും മൂന്നു ജഡ്ജിമാരും കോടതി നിര്‍ത്തിവച്ച് പത്രസമ്മേളനം നടത്തിയത് ഏറെ വിവാദമായിരുന്നു.


Watch doolnews video: കുടിവെള്ളമില്ലാത്ത തീരദേശം

We use cookies to give you the best possible experience. Learn more