മാധ്യമചര്‍ച്ചകള്‍ ആശങ്കപ്പെടുത്തുന്നു; മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി
Freedom of Press
മാധ്യമചര്‍ച്ചകള്‍ ആശങ്കപ്പെടുത്തുന്നു; മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 6:11 pm

ന്യൂദല്‍ഹി: ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കണമെന്ന് സുപ്രീംകോടതി. സുദര്‍ശന്‍ ടി.വിയുടെ യു.പി.എസ്.സി ജിഹാദ് പരിപാടിയുടെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള ഉത്തരവിനിടെയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വാക്കാലുള്ള പരാമര്‍ശം.

അഞ്ച് വിശിഷ്ട വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുള്ള സമിതി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമചര്‍ച്ചകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ചന്ദ്രചൂഢ് പറഞ്ഞു.


അതേസമയം യു.പി.എസ്.സിയിലേക്ക് മുസ്‌ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടി സംപ്രേഷണം ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. മുസ്ലിം സമുദായത്തെ അപമാനിക്കുന്നതാണ് പരിപാടിയെന്നും കോടതി നിരീക്ഷിക്കുന്നു.

ജസ്റ്റിസ്് ചന്ദ്രചൂഢിനെക്കൂടാതെ കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

മുസ്ലിം സമുദായത്തെ നിന്ദിക്കുകയും സിവില്‍ സര്‍വീസുകളിലേക്ക് നുഴഞ്ഞുകയറുന്നവര്‍ എന്ന് മുദ്രകുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നിങ്ങള്‍ക്ക് ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കാനും പ്രത്യേക രീതിയില്‍ മുദ്രകുത്താനും കഴിയില്ല- സുപ്രീം കോടതി പറഞ്ഞു.

ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്. ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടും- സുപ്രീം കോടതി പറഞ്ഞു.

മാധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം- സുദര്‍ശന്‍ ടിവി പരിപാടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി സുപ്രീം കോടതി പറഞ്ഞു. സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ കൂടുതലായി എത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ചാനലിന്റെ വാദം.

എന്നാല്‍ ഇത്തരം അപകീര്‍ത്തികരമായ വാദങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത് ആശങ്കജനകമാണ്. അവരുടെ ചര്‍ച്ചകളുടെ സ്വഭാവവും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് സുദര്‍ശന്‍ ടിവി പരിപാടിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെ സുപ്രീം കോടതി അറിയിച്ചു.

ഈ പരിപാടിയിലേക്ക് നോക്കൂ, എത്ര ക്രൂരമാണ്. ഒരു സമുദായം സിവില്‍ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്നതിനെ ഇത്തരത്തിലാണോ ചിത്രീകരിക്കുന്നത് ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

മുസ്ലിം വിഭാഗത്തിലെ ജനങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് എത്തുന്നത് ഗൂഡാലോചനയുടെ ഫലമായിട്ടാണെന്ന് ഈ പരിപാടിയില്‍ പറയുന്നു. വസ്തുതപരമായി തെളിയിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന യു.പി.എസ്.സിയുടെ വിശ്വാസ്യതയെക്കൂടിയാണ് ചോദ്യം ചെയ്യുന്നത്.

നേരത്തേ യു.പി.എസ്.സിയിലേക്ക് മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പരിപാടി മുസ്ലിം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയില്‍ ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് അടുത്തിടെയായി മുസ്ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്ന സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെയാണ് ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തത്.

ജാമിയ മില്ലിയയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ് വന്നത്.

ഈ അടുത്ത കാലത്തായി മുസ്ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണെന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ചാനലിന്റെ പരിപാടിയില്‍ ചോദിക്കുന്നു.

ഈ തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യു.പി.എസ്.സി ജിഹാദാ’ണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

അഖിലേന്ത്യ സര്‍വ്വീസുകളായ ഐ.പി.എസ് ,ഐ.എ.എസ് തസ്തികകളില്‍ മുസ്ലിം സാന്നിധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്? ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഇത്തരം ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും? സുരേഷ് ചവെങ്ക ചോദിച്ചിരുന്നു.

ചാനലിലെ വിദ്വേഷ പരാമര്‍ശത്തിനെതിരെ ഐ.പി.എസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Justice Chandrachud, remarks that the court was thinking to appoint a committee of five distinguished citizens to standards for the electronic media.