|

ജസ്റ്റിസ് ചന്ദ്ര ചൂഢ് 'വീണുപോയെ'ന്ന് അഭിഭാഷകന്‍; അതൊക്കെ ദൈവത്തിന്റെ കയ്യിലല്ലേയെന്ന് ചന്ദ്ര ചൂഢ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് സംബന്ധിച്ച കേസില്‍ വീഡിയോ ഹിയറിംഗിനിടെ സാങ്കേതിക തകരാര്‍ മൂലം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വീഡിയോ കണക്ഷന്‍ കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടിരുന്നു.

ചന്ദ്ര ചൂഢിനെ സ്‌ക്രീനില്‍ കാണാതായതോടെ ഒരു അഭിഭാഷകന്‍ ” ചന്ദ്ര ചൂഢ് വീണുപോയെന്നാണ് താന്‍ കരുതുന്നതെന്ന്” പറഞ്ഞിരുന്നു. ചന്ദ്ര ചൂഢിന്റെ കണക്ഷന്‍ നേരായതിന് പിന്നാലെ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. തീര്‍ത്തും യോജിക്കാത്ത വാക്കാണ് അഭിഭാഷകന്‍ ഉപയോഗിച്ചതെന്ന് മേത്ത പറഞ്ഞു.

എന്നാല്‍, അതൊക്കെ ദൈവത്തിന്റെ കയ്യിലല്ലേ എന്നായിരുന്നു ചന്ദ്ര ചൂഢ് പ്രതികരിച്ചത്. 20 സെക്കന്റ് നേരത്തേക്കായിരുന്നു ചന്ദ്ര ചൂഢ് ലോഗ് ഔട്ട് ആയത്.

അതേസമയം, വാക്‌സിന് വില ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഢിനോട് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു.

സുപ്രീംകോടതിയില്‍ കേന്ദ്രത്തിനെതിരെ ന്യായമായ ശബ്ദമുയര്‍ത്തിയതിന് നന്ദി എന്നാണ് മഹുവ പ്രതികരിച്ചത്. കുറഞ്ഞത് ഈ സര്‍ക്കാരിനോട് ശരിയായ ചോദ്യം ചോദിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തല്ലോ എന്നും മഹുവ പറഞ്ഞു.

കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തിനെ സുപ്രീംകോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. വാക്സിന്‍ പൊതുമുതലാണെന്നും കൊവിഡ് വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.

മുഴുവന്‍ വാക്സിനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു.

‘വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് നല്‍കിയ പണം പൊതുഫണ്ടുപയോഗിച്ചാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ വാക്സിന്‍ പൊതു ഉല്‍പ്പന്നമാണ്,’ കോടതി നിരീക്ഷിച്ചു.

വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലുമുള്ള പേറ്റന്റ് അധികാരത്തെയും സുപ്രീംകോടതി ചോദ്യം ചെയ്തു. പേറ്റന്റ് അനുമതിയില്ലാതെ വാക്സിന്‍ വിതരണം പരിഗണിക്കാത്തത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Justice Chandrachud Has Fallen Off,” Lawyer Said. What Happened Next