| Wednesday, 18th August 2021, 11:43 am

ചരിത്രമാറ്റത്തിനൊരുങ്ങി സുപ്രീം കോടതി; ആറ് വര്‍ഷത്തിനുള്ളില്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ വനിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകാനൊരുങ്ങി ജസ്റ്റിസ് ബി.വി. നാഗരത്‌ന. 2027ല്‍ ബി.വി. നാഗരത്‌ന പദവിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്‍.വി. രമണ അധ്യക്ഷനായ കൊളീജിയം സുപ്രീം കോടതിയിലേക്ക് ഒമ്പത് ജഡ്ജിമാരെ നിര്‍ദേശിച്ചിരുന്നു. ഇതിലാണ് നിലവില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ബി.വി. നാഗരത്‌നയും ഉള്‍പ്പെട്ടിരിക്കുന്നത്.

2027ല്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തിയാല്‍ 9 മാസമായിരിക്കും നാഗരത്‌നക്ക് ഈ സ്ഥാനത്ത് തുടരാനാകുക. ഇന്ത്യന്‍ നീതിന്യായലോകത്തില്‍ പുതിയ ഒരു അധ്യായത്തിനായിരിക്കും ഈ വനിതാ ചീഫ് ജസ്റ്റിസിന്റെ കടന്നുവരവ് തുടക്കം കുറിക്കുക.

1989 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകള്‍ കൂടിയാണ് നാഗരത്‌ന. ചീഫ് ജസ്റ്റിസുമാരാകുന്ന ആദ്യ അച്ഛനും മകളും കൂടിയായിരിക്കും ഇരുവരും എന്ന പ്രത്യേകതയും നാഗരത്‌നയുടെ പദവിയേറ്റെടുക്കലിനുണ്ടാകും.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഒരു വനിതാ ജഡ്ജിയെ പരിഗണിക്കണമെന്നാവശ്യം വര്‍ഷങ്ങളായി രാജ്യത്ത് ഉയരുന്നുണ്ട്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേയും ജസ്റ്റിസ് എന്‍.വി. രമണയും ഇക്കാര്യം ഉന്നയിച്ചിരുന്നു.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് ഒരു സ്ത്രീ കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നായിരുന്നു ഇരുവരും അഭിപ്രായപ്പെട്ടിരുന്നത്.

ജസ്റ്റിസുമാരായ ഹിമ കോഹി, ബേല ത്രിവേദി എന്നിവരടക്കം മൂന്ന് വനിതാ ജഡ്ജിമാരാണ് നിലവിലെ ഒമ്പത് പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ശ്രീനിവാസ് ഓക്ക, വിക്രം നാഥ്, ജെ.കെ. മഹേശ്വരി, സി.ടി. രവികുമാര്‍, എം.എം സുന്ദരേഷ് എന്നിവരാണ് കൊളീജിയം സുപ്രീം കോടതിയിലേക്ക് നിര്‍ദേശിച്ച മറ്റു ജസ്റ്റിസുമാര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Justice BV Nagarathna Could Be India’s First Woman Chief Justice

We use cookies to give you the best possible experience. Learn more