| Wednesday, 22nd May 2019, 6:12 pm

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന അഭിപ്രായപ്പെട്ട ജഡ്ജി സുപ്രീംകോടതിയില്‍; പുതുതായെത്തിയത് നാല് ജഡ്ജിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊളീജിയം ശുപാര്‍ശ ചെയ്ത് രണ്ടാഴ്ച തികഞ്ഞപ്പോള്‍ത്തന്നെ സുപ്രീംകോടതിയിലേക്കുള്ള നാല് ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യ കാന്ത്, അനിരുദ്ധ ബോസ്, എ.എസ് ബൊപ്പണ്ണ എന്നിവരുടെ പേരുകളാണു കേന്ദ്രം അംഗീകരിച്ചത്.

ഈ നാല് ജഡ്ജിമാരുടെ നിയമനത്തോടുകൂടി സുപ്രീംകോടതിയില്‍ ആവശ്യമുള്ള 31 ജഡ്ജിമാരുടെ എണ്ണം തികയും. ഗവായിയുടെ നിയമനത്തോടെ സുപ്രീംകോടതിയില്‍ ഒമ്പതുവര്‍ഷത്തിനുശേഷം ഒരു ദളിത് ജഡ്ജി എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

മേയ് എട്ടിനാണ് നാലാളുകളുടെയും പേരുകള്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ബോംബെ ഹൈക്കോടതിയിലെ നാഗ്പുര്‍ ബെഞ്ചിലുള്ള ജഡ്ജിയാണ് ഗവായ്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സൂര്യ കാന്ത്. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അനിരുദ്ധ ബോസ്. ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് എ.എസ് ബൊപ്പണ്ണ.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന പ്രസ്താവന നടത്തിയതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഗവായ്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ഏറ്റവും വലിയ ആരോപണങ്ങളിലൊന്നായ ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിലപാടെടുത്ത ഗവായ് കേന്ദ്രസര്‍ക്കാരിന് ഏറെ പ്രിയങ്കരനാണെന്നാണു വിലയിരുത്തപ്പെടുന്നത്.

അതേസമയം സുപ്രീംകോടതി ജഡ്ജിയായി നേരത്തേ ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മടക്കിയത് ഈയവസരത്തില്‍ പ്രസക്തമാണ്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയത് അന്ന് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന കെ.എം ജോസഫായിരുന്നു. അതേത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പേര് നിരന്തരം കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചതെന്ന ആരോപണം ശക്തമായിരുന്നു.

We use cookies to give you the best possible experience. Learn more